വാർഷിക പദ്ധതിക്കെതിരെ പരാതി: മുസ്‌ലിം ലീഗിനകത്ത് ഭിന്നത

കരുവാരകുണ്ട്: പുതിയ വാർഷിക പദ്ധതിക്കെതിരെ ജില്ല ആസൂത്രണ സമിതിക്ക് പരാതി നൽകിയ ലീഗ് അംഗങ്ങളുടെ നടപടി പാർട്ടിക്കകത്ത് കടുത്ത ഭിന്നതയുണ്ടാക്കുന്നു. ഭരണസമിതിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മും കോൺഗ്രസും പരാതിക്കെതിരെ രംഗത്തുവന്നതോടെയാണ് ലീഗിലെ വിഭാഗീയത രൂക്ഷമായത്. പരാതിയെ തുടർന്ന് പദ്ധതിക്ക് അംഗീകാരം നൽകുന്നത് ആസൂത്രണ സമിതി മാർച്ച് 31വരെ നീട്ടിക്കൊണ്ട് പോയതോടെ പാർട്ടി പ്രതിരോധത്തിലാവുകയും ചെയ്തു. ഇതോടെ പാർട്ടിയിലും പാർലമ​െൻററി പാർട്ടിയിലും ഭിന്നത ഉടലെടുത്തു. തങ്ങളുടെ ഒമ്പത് വാർഡുകളെയും അവയിലെ പൊതു സ്ഥാപനങ്ങളെയും അവഗണിക്കുകയും ബോർഡ് യോഗം അംഗീകരിച്ച പദ്ധതിയിൽ പോലും മാറ്റം വരുത്തുകയും ചെയ്തു എന്നാരോപിച്ചാണ് സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ലീഗ് അംഗങ്ങൾ പരാതി നൽകിയത്. മറുപടിയുമായി ലീഗ് വാർഡുകൾക്ക് നൽകിയ ഫണ്ടി​െൻറ കണക്ക് നിരത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രംഗത്തെത്തി. സ്ഥാപനങ്ങൾക്ക് 1.1 കോടിയിൽ 90 ലക്ഷവും റോഡിനത്തിൽ 1.37 കോടിയിൽ 60 ലക്ഷവും ലീഗ് വാർഡുകൾക്ക് നൽകിയിരുന്നു. ഇതിനിടെ പദ്ധതി അംഗീകാരം ആസൂത്രണ സമിതി നീട്ടിവെച്ചപ്പോൾ അധികാരം നഷ്ടപ്പെട്ട ലീഗ് വികസനം മുടക്കുന്നു എന്നാരോപിച്ച് സി.പി.എമ്മും കോൺഗ്രസും രംഗത്തുവരികയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലും വിമർശനമുയർന്നു. ഇതാണ് ലീഗിനെ പ്രതിരോധത്തിലാക്കിയത്. പദ്ധതിക്ക് ശനിയാഴ്ച അംഗീകാരം കിട്ടിയത് ലീഗിന് തിരിച്ചടിയാവുകയും ചെയ്തു. പുന്നക്കാട് സ്കൂൾ, ഗ്രൗണ്ട്, സാംസ്കാരിക നിലയം, കിഴക്കേത്തല സ്കൂൾ, തുരുമ്പോട ആരോഗ്യ ഉപകേന്ദ്രം, മഞ്ഞൾപാറ ബദൽ സ്കൂൾ എന്നിവക്ക് ഫണ്ടില്ല എന്നായിരുന്നു ലീഗി​െൻറ പ്രധാന പരാതി. എന്നാൽ, പതിറ്റാണ്ടുകളായി ലീഗ് തന്നെയായിരുന്നു ഭരണത്തിൽ എന്നിരിക്കെ ഈ പരാതി പാർട്ടിക്ക് തിരിച്ചടിയാവുമെന്ന് ലീഗ് അണികൾ തന്നെ വിമർശനമുന്നയിക്കുകയും ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് നടപടിക്ക് നിർദേശിക്കപ്പെട്ട വ്യക്തിയാണ് പദ്ധതിക്കെതിരെ പരാതി നൽകിയതിൽ പ്രധാനി. അതിനാൽ പാർട്ടി നേതൃത്വം ഇതുവരെ ഇതിന് പരസ്യ പിന്തുണ നൽകിയിട്ടില്ല. കോൺഗ്രസ്, സി.പി.എം ആരോപണങ്ങൾക്ക് ലീഗ് മറുപടി പറഞ്ഞിട്ടുമില്ല. വിവാദമായപ്പോൾ പാർട്ടിയുടെ പേരിൽ നേതൃത്വം അറിയാതെ ചിലർ പത്രക്കുറിപ്പിറക്കുകയായിരുന്നു. അതേസമയം, പദ്ധതിക്ക് അംഗീകാരം നൽകരുതെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും തങ്ങളുടെ വാർഡുകളെ അവഗണിച്ചതിലുള്ള പ്രതിഷേധം അറിയിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നുമാണ് സ്ഥിരം സമിതി അധ്യക്ഷൻ പി. ഷൗക്കത്തലിയും പാർട്ടി സെക്രട്ടറി പി. ഇമ്പിച്ചിക്കോയ തങ്ങളും പറയുന്നത്. അംഗീകാരം നിബന്ധനകളോടെയെന്ന് ചെയർമാൻ കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് സമർപ്പിച്ച വാർഷിക പദ്ധതിക്ക് നൽകിയത് നിബന്ധനകളോടെെയന്ന് ആസൂത്രണ ഉപസമിതി ചെയർമാൻ ഇസ്മായീൽ മൂത്തേടം. കൂടിയാലോചനകളുടെ കുറവ് ബോധ്യപ്പെട്ടു. സ്റ്റയറിങ് കമ്മിറ്റി ചേർന്നിട്ടില്ല. ക്രിമിറ്റോറിയത്തിന് ആവശ്യമായ ഫണ്ട് വെച്ചിട്ടില്ല. ഇവയെല്ലാം പരിഹരിച്ചാൽ മാത്രമേ വരുംമാസങ്ങളിലെ റിവിഷൻ പദ്ധതികൾക്ക് അംഗീകാരം നൽകുകയുള്ളൂവെന്നും ചെയർമാൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.