വട്ടപ്പാടത്ത് കോട്ടപ്പുഴക്ക് കുറുകെ തടയണ നിർമിച്ചു

പൂക്കോട്ടുംപാടം: രൂക്ഷമായ വേനലില്‍ പുഴ വരളുംമുമ്പ് മുൻകരുതലായി വട്ടപ്പാടത്ത് കോട്ടപ്പുഴക്ക് കുറുകെ ക്ലബ് പ്രവര്‍ത്തകര്‍ തടയണ നിർമിച്ചു. വട്ടപ്പാടത്തെ നവതരംഗം ക്ലബ് പ്രവര്‍ത്തകരാണ് ജനകീയ കൂട്ടായ്മയില്‍ തടയണ നിർമിച്ചത്. കൈേയറ്റവും അമിതമായ ജലചൂഷണവും കാരണം വേനലി‍​െൻറ തുടക്കത്തില്‍തന്നെ കോട്ടപ്പുഴ വറ്റിവരളാന്‍ തുടങ്ങിയിട്ടുണ്ട്. പുഴയിലെ നീരൊഴുക്കിനെ ആശ്രയിച്ച് നില്‍ക്കുന്ന പ്രദേശത്തെ കിണറുകളിലും കുളങ്ങളിലും ഇതോടെ വെള്ളം കുറയാന്‍ തുടങ്ങിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തടയണ നിർമിച്ചിരുന്നു. ഇത് ഒരു പരിധിവരെ പ്രദേശത്ത് കുടിവെള്ളക്ഷാമം പരിഹരിക്കാൻ സഹായകമായിരുന്നു. എന്നാല്‍, ഇത്തവണ എന്‍.ആര്‍.ഇ.ജി.എസ് പദ്ധതിയില്‍ പഞ്ചായത്തില്‍ തടയണ നിർമാണം നടന്നില്ല. കോട്ടപ്പുഴയില്‍ വട്ടപ്പാടം ഭാഗത്തെ കടവില്‍ സ്ഥിരം തടയണ നിർമിക്കണമെന്ന് ക്ലബ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കുടിവെള്ള ക്ഷാമം ഒഴിവാക്കാനും കാര്‍ഷിക ആവശ്യത്തിനും ഇത് ഉപകരിക്കും. കൂടാതെ അമരമ്പലം, ചോക്കാട് പഞ്ചായത്തുകള്‍ മുന്‍കൈയെടുത്ത് പുഴ അളന്ന് അതിര്‍ത്തി തിരിക്കണമെന്നും കൈയേറ്റവും ജലചൂഷണവും ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ക്ലബ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. തടയണ നിർമാണത്തിന് ഭാരവാഹികളായ വി. മധു, പി. സുനില്‍, എ. ബിനേഷ്, വി. സന്തോഷ്, കെ. ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.