കാലിക്കറ്റിൽ വീണ്ടും കൂട്ടത്തോൽവി എം.കോം പരീക്ഷയിൽ 53 വിദ്യാർഥികൾ തോറ്റതായി പരാതി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും കൂട്ടത്തോൽവിയെന്ന് പരാതി. വിദൂര വിദ്യാഭ്യാസവിഭാഗത്തിന് കീഴിൽ പി.ജി പരീക്ഷയെഴുതിയ വിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ചേളന്നൂർ എസ്.എൻ കോളജിൽ പരീക്ഷയെഴുതിയ 64 പേരിൽ 53 പേരും പരാജയപ്പെട്ടു. ഇവർ ഒപ്പിട്ട പരാതിയാണ് സർവകലാശാല അധികൃതർക്ക് നൽകിയത്. എം.കോം 2015-17 ബാച്ചിലെ മൂന്ന്, നാല് സെമസ്റ്ററുകളിലെ ഇൻകംടാക്സ് ലോ ആൻഡ് പ്രാക്ടീസ്, ഫിനാൻഷ്യൽ െഡറിവേറ്റീവ്സ് ആൻഡ് റിസ്ക് മാനേജ്മ​െൻറ് എന്നീ പേപ്പറുകളിലാണ് തോൽവി. ഫലം പ്രസിദ്ധീകരിച്ചതിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പരീക്ഷ കൺട്രോളർക്കാണ് പരാതി നൽകിയത്. വിജയപ്രതീക്ഷയുള്ള വിഷയങ്ങളിലാണ് പരാജയം നേരിട്ടതെന്ന് വിദ്യാർഥികൾ പറയുന്നു. തോറ്റ വിദ്യാർഥികളോട് വീണ്ടും പരീക്ഷയെഴുതാനും പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുമാണ് സർവകലാശാല അധികൃതർ നിർദേശം നൽകിയതെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇതുമൂലം സമയനഷ്ടവും പണനഷ്ടവും വിദ്യാർഥികൾ സഹിക്കേണ്ട സ്ഥിതിയാണ്. രണ്ടാഴ്ച മുമ്പും ബിരുദ പരീക്ഷയിൽ കൂട്ടത്തോൽവിയുണ്ടായിരുന്നു. അന്നും വിദ്യാർഥികൾ പരീക്ഷ കൺട്രോളർക്ക് പരാതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.