തൂക്കണാംകുരുവിക്കൂടുകളോട് ഇത്തവണയും ഓന്തുകൾ തോറ്റു

പാലക്കാട്: നിതാന്ത ശത്രുവായ ഓന്തുകൾക്ക് എത്ര ശ്രമിച്ചാലും അടുക്കാനാവാത്ത വിധത്തിൽ ഇത്തവണയും കരിമ്പന തുമ്പിൽ തൂക്കണാംകുരുവികൾ മുട്ടയിടാൻ വിചിത്ര കൂടുകൾ ഒരുക്കി. നെല്ലറയെന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിൽ ഒന്നാം നെൽവിളക്ക് മൂപ്പാവുന്ന ഘട്ടത്തിൽ മുറ തെറ്റാതെ എത്തിയ ഇവ മുട്ടകൾ വിരിയിക്കാനായി രണ്ടാഴ്ച കൂടി കൂട്ടിലുണ്ടാവും. പാലക്കാടൻ ഗ്രാമങ്ങളിലെ നെൽക്കണ്ട വരമ്പുകളിലെ നിത്യസാന്നിധ്യമായ കരിമ്പനകളുടെ ഓലതലപ്പിൽ ഇത്തവണയും വിളയിറക്കൽ സമയത്തുതന്നെ കൂടുകൾകൊണ്ടുനിറഞ്ഞു. ഉണക്കപ്പുല്ലും ചെറുനാരുകളുമായി വന്ന കുരുവികൾ സുരക്ഷിതമായാണ് ഓലയുടെ അറ്റത്ത് ഞാന്നുകിടക്കുന്ന കൂടുകൾ ഒരേ മട്ടിൽ നിർമിച്ചത്. ഇവയുെട മുട്ടകൾ ഭക്ഷിക്കുന്നത് രണ്ടു കൂട്ടരാണ്: തെങ്ങിനേക്കാൾ ഉയരമുള്ള കരിമ്പന മുകളിൽ എത്തുന്ന ഓന്തുകളാണ് ഒന്നാം ശത്രു. എന്നാൽ, വിചിത്ര കൂട്ടിലെത്താൻ ഒരു തരത്തിലും അവക്ക് കഴിയില്ല. തുഞ്ചത്ത് കയറിപ്പറ്റിയാൽ തന്നെ കൂടണയാറാകുമ്പോഴേക്കും നിലതെറ്റി താഴേ വീഴും. ഓലത്തുമ്പിൽ ഭദ്രമായി ബന്ധിച്ച് തൂങ്ങിക്കിടക്കുന്ന കൂട്ടിനുള്ളിലാണ് മുട്ടകൾ ഉണ്ടാവുക. പരുന്താണ് രണ്ടാം ശത്രു. അവക്കും പക്ഷേ, കൂട്ടിൽ നിന്ന് മുട്ടയെടുക്കാൻ കഴിയില്ല. ഒരേ പനയിൽ തന്നെയാണ് കുരുവികൾ അസംഖ്യം കൂടുകൾ കൂട്ടുന്നത്. മുട്ടകൾ കൂട്ടിൽ വീഴുന്നതോടെ തന്നെ ഓന്തുകൾ ആകൃഷ്ടരായി പനയിൽ നുഴഞ്ഞുകയറും. മുട്ടയിടുന്ന കുരുവികൾക്ക് മാത്രമേ കൂട്ടിലേക്കുള്ള കൊച്ചു കവാടം വഴി അകത്തേക്ക് കടക്കാനാവൂ എന്ന് കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ തെക്കേമുറിയിലുള്ള കൂറ്റൻ പനമുകളിലെ കൂടുകൾ പകർത്തിയ ഫ്രീലാൻസ് പ്രസ് ഫോട്ടോഗ്രാഫറും വർഷങ്ങളായി തൂക്കണാംകുരുവികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന വ്യക്തിയുമായ എ. ജയകുമാർ പറയുന്നു. കരിമ്പനയല്ലാതെ മറ്റൊരു വൃക്ഷത്തിലും ഇവ മുട്ടയിടാറില്ല. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായാൽ കൂട് ഉപേക്ഷിച്ച് പോവുകയും ചെയ്യും. വളരെ ചെറിയ പക്ഷിയാണ് തൂക്കണാംകുരുവികൾ. അവയുടെ മുട്ടയും നന്നേ ചെറുത്. മഴ നശിപ്പിച്ച ഒന്നാംവിള ഒരുവിധം കൊയ്തുതീർക്കാൻ ഇനി രണ്ടാഴ്ചകൂടി വേണ്ടി വരും. അതോടെ കുരുവി കൂടുകൾ ഒഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.