മണ്ണൂർ: സി.പി.എമ്മിെൻറ തൊഴിലാളി സംഘടനയായ ഓട്ടോ ഡ്രൈവേഴ്സ് യൂനിയനിൽ (സി.ഐ.ടി.യു) നിന്ന് നിരവധിപേർ എ.ഐ.ടി.യു.സിയിലേക്ക്. സി.പി.എം പുറത്താക്കിയ വിമതനേതാക്കൾ സി.പി.ഐയിൽ ചേരാൻ തീരുമാനിച്ചതോടെയാണ് ഇവരോട് അനുഭാവമുള്ള മണ്ണൂർ പഞ്ചായത്തിലെ വിവിധ ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ നേതാക്കളും ഡ്രൈവർമാരും എ.ഐ.ടി.യു.സിയിലേക്ക് എത്തിയത്. സി.ഐ.ടി.യു വില്ലേജ് കമ്മിറ്റി പ്രസിഡൻറ് പ്രഭാകരനടക്കം 40തോളം അംഗങ്ങളാണ് രാജിവെച്ച് മണ്ണൂർ മാപ്പിള സ്കൂളിൽ നടന്ന എ.ഐ.ടി.യു.സി കൺവെൻഷനിൽ പങ്കെടുത്തത്. അതേസമയം, സി.പി.ഐ ബ്രാഞ്ച് സമ്മേളനവും നടക്കുന്നുണ്ട്. കൊട്ടക്കുന്നിൽ ജയകൃഷ്ണൻ, ചോലക്കുന്നിൽ ബാബു, പൊട്ടുപാറ കാളിദാസൻ, പുന്നേക്കാട് സുരേഷ്, കളരിക്കൽ ശ്രീജിത് എന്നിവരാണ് സി.പി.ഐയുടെ പുതിയ ബ്രാഞ്ച് സെക്രട്ടറിമാർ. അഞ്ചുസ്ഥലങ്ങളിൽ ബ്രാഞ്ച് സമ്മേളനം നടത്തിയാണ് അഞ്ച് സെക്രട്ടറിമാരെ തെരഞ്ഞെടുത്തത്. അടുത്ത മാസം എട്ടിന് വൈകീട്ട് അഞ്ചിന് മണ്ണൂർ പള്ളിപ്പടിയിൽനിന്നും 500ലേറെ ആളുകളെ പങ്കെടുപ്പിച്ച് റാലി നടത്താനാണ് പരിപാടി. സി.പി.ഐയുടെ സംസ്ഥാന-ജില്ല നേതാക്കൾ പൊതുയോഗത്തിൽ പങ്കെടുക്കും. മണ്ണൂർ മാപ്പിള സ്കൂളിൽ നടന്ന എ.ഐ.ടി.യു.സി ഓട്ടോ ഡ്രൈവേഴ്സ് കൺവെൺഷൻ മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ.വി. ബാബു പരിപാടി വിശദീകരിച്ചു. ജയകൃഷ്ണൻ, കെ.വി. മുഹമ്മദ്, യൂസഫ് പടിപ്പുരക്കാട്, ദാസൻ, ബാബു ചോലക്കുന്ന്, ശശി രാജേഷ്, മുസ്തഫ, സ്വാമിനാഥൻ, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രഭാകരൻ കൺവീനറായും സുധീർ പ്രസിഡൻറായും 14 അംഗ കമ്മിറ്റി രൂപവത്കരിച്ചു. അക്ഷയ കേന്ദ്രങ്ങളുടെ ലൈസൻസ് പുതുക്കുന്നതിന് പിഴ ഈടാക്കുന്നതിൽ -പ്രതിഷേധം പാലക്കാട്: അക്ഷയ കേന്ദ്രങ്ങളുടെ ലൈസൻസ് പുതുക്കുന്നത് വൈകിയതിന് പ്രതിവർഷം 250 രൂപ പിഴ ഈടാക്കണമെന്ന സംസ്ഥാന ഐ.ടി മിഷൻ ഉത്തരവിനെതിരെ പ്രതിഷേധമുയരുന്നു. 2016ലാണ് ലൈസൻസ് പുതുക്കേണ്ടിയിരുന്നത്. മൂന്ന് വർഷത്തേക്കാണ് ലൈസൻസ് പുതുക്കി അനുവദിക്കുന്നത്. ജില്ല കലക്ടറാണ് എഗ്രിമെൻറ് പുതുക്കി നൽകുക. സംസ്ഥാന ഐ.ടി മിഷൻ 2016ൽ എഗ്രിമെൻറ് പുതുക്കാത്തതിന് അക്ഷയ സംരംഭകരിൽനിന്ന് പിഴ ഈടാക്കുന്ന ഉത്തരവ് നടപ്പാക്കണമെന്ന് അക്ഷയ ജില്ല ഓഫിസുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഓരോ സംരംഭകനും 750 രൂപയാണ് പിഴയായി നൽകേണ്ടത്. സംസ്ഥാന ഐ.ടി മിഷനോ, അക്ഷയ പ്രോജക്ട് ഓഫിസോ ലൈസൻസ് പുതുക്കിനൽകാൻ 2016ൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംരംഭകരുടേതല്ലാത്ത കാരണത്തിന് ലൈസൻസ് പുതുക്കുന്നതിന് പിഴ ഈടാക്കാനുള്ള ഉത്തരവ് അനീതിയാണെന്നും പിൻവലിക്കണമെന്നും സംരംഭകർ പറയുന്നു. അസോസിയേഷൻ ഓഫ് ഐ.ടി എംപ്ലോയീസ് ജില്ല കമ്മിറ്റി നടപടിയിൽ പ്രതിഷേധിച്ചു. നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് ജില്ല പ്രസിഡൻറ് സുരേഷ് ബാബു, ഭാരവാഹികളായ ഹരിദാസ്, ശശി, ഷമീർ മുഹമ്മദ്, അജിത്ത് കുമാർ എന്നിവർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.