കരുവാരകുണ്ടിൽ ഒക്ടോബർ പത്തിനകം യു.ഡി.എഫ്

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ബന്ധം നിലനിർത്താൻ കോൺഗ്രസ്---മുസ്ലിം ലീഗ് നിയോജക മണ്ഡലം നേതൃത്വങ്ങൾ ഇടപെട്ടതോടെ അണിയറയിൽ തിരക്കിട്ട ചർച്ചകൾ. മുസ്‌ലിം ലീഗ് വണ്ടൂർ നിയോജക മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാത്രി പഞ്ചായത്ത് ലീഗ് കമ്മിറ്റി ചേർന്നു. കാളികാവ് ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് പാർലമ​െൻററി പാർട്ടി യോഗവും വിളിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ വിഷയത്തിലിടപെടുകയും രണ്ടു ദിവസത്തിനകം തീരുമാനമെടുക്കണമെന്ന നിർദേശം നൽകുകയും ചെയ്തതിന് പിന്നാലെയാണ് ലീഗ് നിയോജക മണ്ഡലം നേതാക്കളായ കെ. കുഞ്ഞാപ്പു ഹാജി, എം. അലവി, ജില്ല കമ്മിറ്റി അംഗം പി. ഖാലിദ് മാസ്റ്റർ എന്നിവർ പഞ്ചായത്ത് ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ചത്. എ.പി. അനിൽകുമാർ എം.എൽ.എയുടെ നിർദേശത്തെ തുടർന്നായിരുന്നു ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എ.കെ. മുഹമ്മദലി കോൺഗ്രസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ യോഗം വിളിച്ചത്. പ്രസിഡൻറ് പദം കോൺഗ്രസിന് നൽകാമെന്ന ധാരണ ലീഗ് പാലിക്കാത്ത പക്ഷം ഒക്ടോബർ മൂന്നിന് ലീഗ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു. എ.പി. അനിൽകുമാർ എം.എൽ.എ ഇതിന് മൗനാനുവാദം നൽകുകയും ചെയ്തു. ഇതോടെയാണ് തിരക്കിട്ട ചർച്ചകൾക്ക് വേദിയൊരുങ്ങിയത്. എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെടുത്ത രഹസ്യധാരണ ചില കോൺഗ്രസ് നേതാക്കൾ പരസ്യമാക്കിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് ലീഗ് നേതാക്കൾ പറയുന്നു. അതേസമയം, പാർട്ടിയുടെ സംസ്ഥാന, ജില്ല നേതൃത്വം പറഞ്ഞാൽ അതംഗീകരിക്കുമെന്നും യു.ഡി.എഫ് ബന്ധത്തിന് ലീഗ് തടസ്സം നിൽക്കില്ലെന്നും നിയോജക മണ്ഡലം ലീഗ് നേതാവ് അറിയിച്ചു. ഒക്ടോബർ പത്തിനകം ഇക്കാര്യത്തിൽ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.