ലക്ഷം ലക്ഷം ഗോൾ; വലനിറച്ച് മലപ്പുറം

മലപ്പുറം: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബാളിനെ വരവേൽക്കാൻ സംസ്ഥാനത്ത് സംഘടിപ്പിച്ച 'വണ്‍ മില്യൺ ഗോള്‍' പരിപാടിയിലേക്ക് മലപ്പുറത്തി​െൻറ ചരിത്രസംഭാവന. നാലുലക്ഷം പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ഗോൾപോസ്റ്റുകളിലേക്ക് പന്തടിച്ചത്. വൈകീട്ട് മൂന്നിന് ആരംഭിച്ച പരിപാടി ഏഴിന് അവസാനിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കായിക യുവജനകാര്യ വകുപ്പ്, നെഹ്‌റു യുവകേന്ദ്ര, യുവജനക്ഷേമ ബോര്‍ഡ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ല ആസ്ഥാനത്തെ കോട്ടപ്പടി സ്റ്റേഡിയത്തിലേക്കാണ് വി.ഐ.പികൾ കൂടുതലും എത്തിയത്. വേങ്ങര ഉപതെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷൻ ആന്ധ്രപ്രദേശ് സ്വദേശി എം. ശ്രീകാന്ത്, ജില്ല കലക്ടർ അമിത് മീണ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി. ഷംസുദ്ദീൻ തുടങ്ങിയ പ്രമുഖർ ഇവിടെ ഗോളടിച്ചു. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, കൃഷിക്കാര്‍, വ്യാപാരികള്‍, കായിക താരങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സംസ്‌കാരിക നായകന്മാര്‍, കലകാരന്മാര്‍, പൊലീസുകാര്‍ തുടങ്ങി സമൂഹത്തി​െൻറ നാനാതുറകളിലുള്ളവർ ഇതിൽ പങ്കാളികളായി. നാല് വയസ്സുള്ള കുരുന്നുകൾ തൊട്ട് വയോധികർ വരെയുണ്ടായിരുന്നു കൂട്ടത്തിൽ. 88കാരനായ മൈലപ്പുറത്തെ ഹസ്സന്‍കുട്ടിയാണ് കോട്ടപ്പടി മൈതാനത്ത് ഗോളടിച്ചവരിൽ സീനിയർ. ഇതര സംസ്ഥാന തൊഴിലാളികളും വിവിധ കേന്ദ്രങ്ങളിലെത്തിയിരുന്നു. പലയിടത്തും കാണികളായി വന്ന ഇവർ ആവേശത്താൽ ഇറങ്ങി ഗോളടിച്ചു. box കാണാത്ത പോസ്റ്റിലൊരു ഗോൾ മലപ്പുറം: പന്തി​െൻറ നിറമെന്താണെന്നോ ഗോൾ പോസ്റ്റ് എങ്ങിനെയിരിക്കുന്നുവെന്നോ അറിയില്ലെങ്കിലും കാഴ്ചയില്ലാത്ത ഒരു കൂട്ടം യുവതി-യുവാക്കൾ കോട്ടപ്പടി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തെത്തിയത് ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടാനായിരുന്നു. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് അംഗങ്ങളായ ഷറഫുന്നീസ്, മുതാസ്, ശരീഫ്, സുധീർ, അഫ്‌നാസ് എന്നിവരാണ് ഗോളടിച്ചത്. ഇവർക്ക് വേണ്ടി പ്രത്യേക തരം പന്തുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.