ലീഗ് മണ്ഡലം നേതൃയോഗത്തിന് ശേഷം കൈയാങ്കളി

നിലമ്പൂർ: മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറിനെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലമ്പൂർ ലീഗ് ഓഫിസിൽ വിളിച്ചുചേർത്ത മണ്ഡലം നേതൃയോഗത്തിന് ശേഷം സംഘർഷവും കൈയാങ്കളിയും. മർദനത്തിൽ പരിക്കേറ്റ യൂത്ത് ലീഗ് നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും കഴുത്തിനും പരിക്കേറ്റ എം.എസ്.എഫ് ജില്ല കമ്മിറ്റി അംഗം കെ.പി. റമീഷിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എടക്കര സ്വകാര‍്യാശുപത്രിയിൽ പ്രവേശിപ്പിച്ച റമീഷിനെ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് മുസ്ലിം ലീഗ് മണ്ഡലം നേതാക്കളുടെയും യൂത്ത് ലീഗ് നേതാക്കളുടെയും യോഗം വിളിച്ചു ചേർത്തത്. നിയോജക മണ്ഡലം പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഇസ്മായിൽ മുത്തേടത്തി‍​െൻറ സ്ഥാനം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്. പാർട്ടി അനുശാസിക്കുന്ന ചട്ടത്തിന് വിരുദ്ധമാണ് പ്രസിഡൻറിനെ തെരഞ്ഞെടുത്തതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കാണിച്ച് യൂത്ത് ലീഗും ലീഗിലെ ചിലരും സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിൻമേലുള്ള പാണക്കാട് തങ്ങളുടെ അന്തിമ തീരുമാനം വന്നിട്ടില്ല. ഈ സാഹചര‍്യത്തിലാണ് യൂത്ത് ലീഗി‍​െൻറ എതിർപ്പിൽ സമവായം കണ്ടെത്തുന്നതിനായി തിങ്കളാഴ്ച യോഗം ചേർന്നത്. യോഗത്തിൽ നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് കരീം സംസാരിക്കുന്നത് ലീഗ് ഓഫിസ് സെക്രട്ടറി മൊബൈൽ ഫോണിൽ പകർത്തുന്നത് റമീഷ് ഉൾപ്പടെയുള്ള യൂത്ത് ലീഗ് നേതാക്കൾ അധ‍്യക്ഷനായ ഇസ്മായിൽ മുത്തേടത്തി‍​െൻറ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ ഓഫിസ് സെക്രട്ടറിയെ യോഗഹാളിൽ നിന്ന് പുറത്താക്കി. രാത്രി പതിനൊന്ന് മണിയോടെയാണ് യോഗം അവസാനിച്ചത്. പുറത്തിറങ്ങിയതോടെ ഇതേ ചൊല്ലി വാക്കേറ്റമുണ്ടായി. ഇത് പിന്നീട്ട് കൈയാങ്കളിയിലെത്തുകയായിരുന്നു. പരിക്കേറ്റ റമീഷിന് രാത്രി തന്നെ എടക്കര സ്വകാര‍്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തന്നെ മർദിച്ചവർക്കെതിരെ നടപടി ആവശ‍്യപ്പെട്ട് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിക്കും മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിക്കും റമീഷ് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച യൂത്ത് ലീഗി‍​െൻറ വർക്കിങ് കമ്മിറ്റി വിളിച്ചിട്ടുണ്ട്. അതേസമയം പാർട്ടി യോഗത്തിൽ ഒരുവിധത്തിലുള്ള സംഘർഷവും ഉണ്ടായിട്ടില്ലെന്നും മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് പാർട്ടിയിലെ രണ്ട് അംഗങ്ങൾ തമ്മിൽ വാക്കേറ്റം നടന്നതു മാത്രമാണുണ്ടായതെന്നും ലീഗ് മണ്ഡലം നേതാക്കൾ 'മാധ‍്യമ'ത്തോട് പറഞ്ഞു. വ‍്യക്തിപരമായുള്ള സംഭവം മാത്രമാണിതെന്നും പാർട്ടിയുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും നേതാക്കൾ വിശദീകരിച്ചു. CAPTION 1 സംഘർഷത്തിൽ പരിക്കേറ്റ എം.എസ്.എഫ് ജില്ല കമ്മിറ്റി അംഗം കെ.പി. റമീഷ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.