ലൈഫ് പദ്ധതി അട്ടിമറിക്കുന്നതായി പ്രമേയം

കരിമ്പുഴ പഞ്ചായത്ത് ഭരണസമിതിയിലാണ് പ്രമേയം പാസാക്കിയത് ശ്രീകൃഷ്ണപുരം: ലൈഫ് പദ്ധതി അട്ടിമറിക്കുന്നതായി കരിമ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെ പ്രമേയം. സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ താൽക്കാലിക ഷെഡുകളിലോ, ഓലമേഞ്ഞ വീടുകളിലോ താമസിക്കുന്ന നിർധരരായ ഭൂരിഭാഗം ഗുണഭോക്താക്കളും പുറത്താക്കപ്പെടുന്നതായി പഞ്ചായത്ത് അംഗം എം. ചന്ദ്രമോഹനൻ നൽകിയ പ്രമേയത്തിൽ ആരോപിച്ചു. പ്രമേയത്തെ മുഴുവൻ അംഗങ്ങളും പിന്തുണച്ചതായി ഭരണസമിതി അവകാശപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വീട് പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിത പാര്‍പ്പിടം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഭൂമിയുള്ള ഭവനരഹിതര്‍, ഭവനനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ അല്ലെങ്കില്‍ വാസയോഗ്യമല്ലാത്ത വീടുള്ളവര്‍, പുറമ്പോക്കിലോ തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍, വീടില്ലാത്തവരും ഭൂമിയില്ലാത്തവരും എന്നിവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ സേവനം ലഭിക്കുക. മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, മാരക രോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍, അപകടത്തില്‍പ്പെട്ട് ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ പ്രാപ്തിയില്ലാത്തവര്‍, വിധവകള്‍, എന്നിവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഗുണഭോക്താക്കൾ പഞ്ചായത്ത് വഴി അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷകൾ പഞ്ചായത്തുകൾ ഡാറ്റഎൻട്രി നടത്താൻ മണ്ഡലം തലത്തിലേക്ക് അയച്ചുകൊടുക്കുകയും അപേക്ഷകൾ ജില്ലതലത്തില്‍ ക്രോഡീകരിച്ച് തിരിച്ച് പഞ്ചായത്തുകളിലേക്ക് ലിസ്റ്റായി നൽകുകയും ചെയ്തു. എന്നാൽ, അപേക്ഷകൾ തിരിച്ചെത്തിയപ്പോൾ അർഹരായവർ ഭൂരിഭാഗവും ലിസ്റ്റിലില്ല. റേഷൻ കാർഡില്ലാത്തവർക്ക് വീടില്ലെന്ന സർക്കാർ നിർദേശമാണ് ഭൂരിഭാഗം പേരും ലിസ്റ്റിൽനിന്ന്‌ പുറത്താകാൻ കാരണം. വീടോ സ്ഥലമോ ഇല്ലാത്തവർക്ക് റേഷൻ കാർഡ് ലഭിക്കില്ലെന്നതും വിരോധാഭാസം. സർക്കാർ നിർദേശങ്ങൾ ഭേദഗതി ചെയ്ത് അർഹരായവരെ ഉൾപ്പെടുത്താൻ വേണ്ട നടപടി ഉണ്ടാവണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.