ആധാരം ഡിജിറ്റലൈസേഷൻ: ഷൊർണൂരിൽ നട്ടം തിരിഞ്ഞ്​ ജനം

ഷൊർണൂർ: ആധാരം ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് ജനം വലഞ്ഞു. ഷൊർണൂർ ഒന്ന്, രണ്ട് വില്ലേജ് ഓഫിസുകളുടെ പരിധിയിലുള്ള ജനങ്ങളാണ് ദുരിതത്തിലായത്. റീസർവേയുടെ മുന്നോടിയായാണ് ആധാരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നത്. ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ആറാണിയിലുള്ള സ്വകാര്യ ഹെറിറ്റേജിലായിരുന്നു പരിപാടി നിശ്ചയിച്ചത്. എന്നാൽ, ഈ വിവരം ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി മുഴുവൻ മാധ്യമ പ്രവർത്തകർക്കുവരെ അറിയിപ്പ് നൽകിയില്ല. ഇതിനാൽ ബഹുഭൂരിഭാഗവും ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചതിനെക്കുറിച്ചറിഞ്ഞില്ല. ഇവരാകട്ടെ ഇനിയെന്ത് ചെയ്യണമെന്ന അങ്കലാപ്പിലുമാണ്. ഡിജിറ്റലൈസ് ചെയ്യാൻ ആധാരം, അടിയാധാരം, പട്ടയം, നികുതിയടച്ച രശീതി എന്നിവയും ഇവയുടെ കോപ്പികളുമാണ് കൊണ്ടുപോകേണ്ടിയിരുന്നത്. എന്നാൽ, പലരും ഈ രേഖകൾ മുഴുവനും എടുത്തിരുന്നില്ല. ഒറിജിനൽ മുഴുവൻ എടുത്തവരാകട്ടെ ഇവയുടെ കോപ്പി കളെടുത്തിരുന്നില്ല. ഭൂരിഭാഗവും ചടങ്ങ് നടത്തുന്ന സ്ഥലത്തെത്തിയപ്പോഴാണ് ഇതറിയുന്നത്. എന്നാൽ, ഇവിടെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനങ്ങളൊന്നുമില്ല. ഇതിനാൽ മിക്കവരും ലക്ഷ്യം കാണാതെ തിരിച്ചുപോന്നു. ഷൊർണൂർ ടൗണിൽ തന്നെ ഈ പരിപാടി നടത്താൻ സൗകര്യമുള്ള നിരവധി സ്ഥാപനങ്ങളുണ്ടെന്നിരിക്കെ ഇത്രയും ദൂരെയുള്ളതും ഫോട്ടോസ്റ്റാറ്റടക്കമുള്ള സൗകര്യമില്ലാത്തതുമായ സ്വകാര്യ ഹെരിറ്റേജിൽ പരിപാടി നടത്തിയതെന്തിനാണെന്ന് വ്യക്തമല്ല. പരിപാടി നടക്കുന്നതിനാൽ ഷൊർണൂർ ബസ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒന്ന്, രണ്ട് വില്ലേജ് ഓഫിസുകൾ പ്രവർത്തിച്ചതുമില്ല. വിവരമറിയാതെ വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തിയവർക്ക് മടങ്ങിപ്പോകേണ്ടിയും വന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.