അയവില്ലാതെ മില്ലുടമകൾ; നെല്ല് സംഭരണം പ്രതിസന്ധിയിൽ

കുഴൽമന്ദം: സപ്ലൈകോ നിർദേശങ്ങൾ നടപ്പാക്കാനാവില്ലെന്ന് മില്ലുടമകൾ കടുത്ത നിലപാട് സ്വീകരിച്ചതോടെ നെല്ല് സംഭരണം പ്രതിസന്ധിയിലേക്ക്. സംഭരിച്ച നെല്ല് അരിയാക്കി തിരികെ സപ്ലൈകോ സംഭരണശാലയിൽ എത്തിക്കണമെന്ന നിർദേശം നടപ്പാക്കാൻ കഴിയിെല്ലന്ന ഉറച്ച നിലപാട് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മില്ലുടമകൾ വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. നിലപാടിൽ അയവ് വരുത്താൻ സപ്ലൈകോയും തയാറായിട്ടില്ല. ഇതോടെ ജില്ലയിൽ കർഷകർ പ്രതിസന്ധിയിലായി. ഒക്ടോബർ ഒന്ന് മുതലാണ് സംസ്ഥാനത്ത് നെല്ല് സംഭരണം തുടങ്ങുന്നത്. കൈകാര്യ ചെലവ് സംഖ്യ ഉയർത്തിയാലേ സപ്ലൈകോ നിർദേശം നടപ്പാക്കാൻ കഴിയൂ എന്നതാണ് മില്ലുടമകളുടെ നിലപാട്. ഒരു കിലോ നെല്ലിന് 2.14 രൂപയാണ് ഇപ്പോൾ കൈകാര്യ ചെലവായി സപ്ലൈകോ നൽകുന്നത്. ഇത് 4.50 രൂപയാക്കണമെന്നാണ് മില്ലുടമകളുടെ ആവശ്യം. 100 കിലോ നെല്ല് സംഭരിച്ചാൽ 63 കിലോ അരി സപ്ലൈകോവിന് നൽകണമെന്നാണ് നെല്ല് സംഭരണ സമിതി നിർദേശം. നേരത്തെ 68 കിലോ ആയിരുന്നു നൽകേണ്ടിയിരുന്നത്. കൈകാര്യ ചെലവിലും വർധനവ് വരുത്തിയിരുന്നു. മില്ലുടമകൾ കർഷകരിൽനിന്ന് ശേഖരിക്കുന്ന നെല്ല് കുത്തി ഗുണമേന്മയുള്ള അരി കൂടിയ വിലയ്ക്ക് വിൽക്കുന്നുണ്ടെന്നും വിലകുറഞ്ഞ അരിയാണ് സപ്ലൈകോക്ക് നൽകുന്നതെന്നുമാണ് സപ്ലൈകോ വാദം. ഇത് തടയാനാണ് അരി സപ്ലൈകോ സംഭരണ ശാലയിൽ എത്തിച്ച് ഗുണമേന്മ ഉറപ്പുവരുത്തണമെന്ന് സപ്ലൈകോ ആവശ്യപ്പെട്ടത്. എന്നാൽ, ഇത് അംഗീകരിക്കാൻ മില്ലുടമകൾ തയാറാകുന്നില്ല. നൽകേണ്ട അരിയും കൈകാര്യ ചെലവും മില്ലുടമകളുടെ ആവശ്യപ്രകാരം വർധിപ്പിച്ചെങ്കിലും സപ്ലൈകോ നിർദേശം നടപ്പാക്കാൻ മില്ലുടമകൾ തയാറാകുന്നില്ല. പാലക്കാട് കൊയ്ത്ത് തുടങ്ങിയ സാഹചര്യത്തിൽ നെല്ല് സംഭരണം മനഃപൂർവം വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്. നെല്ല് കുറഞ്ഞ വിലയ്ക്ക് കർഷകരിൽനിന്ന് ലഭിക്കാനാണ് മില്ലുടമകൾ ശ്രമിക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.