ദേശീയപാത വികസനം: പണത്തിന്​ കരാർ കമ്പനിയുടെ ​നെ​േട്ടാട്ടം

വടക്കഞ്ചേരി: ദേശീയപാത 544 വികസനത്തിന് കരാറെടുത്ത കെ.എം.സി കമ്പനി ബാങ്ക് വായ്പ നേടിയെടുക്കാൻ തത്രപ്പാടിൽ. 2015 മാർച്ചിൽ തീർക്കേണ്ട പണികൾ രണ്ട് വർഷം കഴിയുമ്പോഴും ഇഴഞ്ഞുനീങ്ങിയതോടെ ഏഴു ബാങ്കുകൾ ചേർന്ന കൺസോർഷ്യം ഇവർക്ക് പണം നൽകുന്നത് നിർത്തിയതാണ് വിനയായത്. ഇതിനിടെ നിലവിൽ ഉപയോഗിച്ചിരുന്ന ദേശീയപാത തകരുകയും ചരക്കുഗതാഗതം തടസ്സപ്പെടുകയും ചെയ്തത് കമ്പനിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഉപയോഗിക്കുന്ന പാത പൂർണമായി പുനർനിർമിക്കാൻ സംസ്ഥാന സർക്കാറിൽനിന്ന് സമ്മർദമുണ്ടായതോടെ ഇതിനും പണം കെണ്ടത്തേണ്ട അവസ്ഥയിലാണ് കമ്പനി. ഉപകരാറുകാർക്ക് അവരുടെ അക്കൗണ്ടിലേക്ക് കെ.എം.സി നൽകുന്ന ബില്ലിന് അനുസൃതമായാണ് ബാങ്കുകൾ പണം നൽകുക. ജോലികൾ എത്രമാത്രം മുന്നേറി എന്നത് സംബന്ധിച്ച് കെ.എം.സി ബാങ്കുകൾക്ക് റിപോർട്ട് നൽകണം. ഈ റിപോർട്ട് പ്രകാരമാണ് തുടർന്ന് പണം നൽകുക. രണ്ടുവർഷം പിന്നിടുമ്പോഴും പണി പാതിപോലും പിന്നിടാതായതോടെ ബാങ്കുകൾ പണം കൊടുക്കുന്നത് മൂന്ന് മാസമായി നിർത്തി. ബാങ്കുകളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ കമ്പനി. ഇതിനിടെ തുരങ്കനിർമാണം ഉൾപ്പെടെയുള്ള ഉപകരാറുകാർ ഒന്നൊന്നായി പണികൾ നിർത്തിവെക്കുന്നത് കെ.എം.സിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഫണ്ടില്ലാതായതോടെ കഴിഞ്ഞമാസം തുരങ്ക നിർമാണം ഒരാഴ്ചയോളം നിർത്തിയിരുന്നു. കുറച്ച് തുക നൽകി, ശേഷിക്കുന്നത് സെപ്റ്റംബർ 20നകം നൽകാമെന്ന വ്യവസ്ഥയിലാണ് തുരങ്ക നിർമാണം പുനരാരംഭിച്ചത്. എന്നാൽ, പറഞ്ഞ സമയത്ത് പണം ലഭിക്കാതെ വന്നതോടെ വ്യാഴാഴ്ച മുതൽ തുരങ്കനിർമാണം പൂർണമായി നിർത്തി. കനത്ത മഴ പെയ്തതോടെ നിർത്തിവെച്ച ടാറിങ് കഴിഞ്ഞദിവസം വീണ്ടും ആരംഭിച്ചു. വെള്ളിയാഴ്ച കുതിരാൻ മേഖലയിൽ ടാറിങ് തുടങ്ങി. പണി പൂർത്തിയായ സ്ഥലത്തെല്ലാം ഒരുവരി പാത ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് നിലവിലെ ശ്രമം. ചരക്ക് ഗതാഗതം സുഗമമാക്കി വികസനപ്രവർത്തനം വീണ്ടും ആരംഭിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഇവർ കരാറെടുത്ത മണ്ണുത്തി-അങ്കമാലി പാതയും അനിശ്ചിതത്വത്തിലാണ്. പണം ഉടൻ ലഭ്യമാകുമെന്ന് കെ.എം.സി വടക്കഞ്ചേരി: നിർമാണ പുരോഗതിയില്ലാത്തതിനാൽ മൂന്നുമാസമായി ബാങ്കുകൾ തടഞ്ഞുവെച്ച പണം ഈ മാസം ലഭ്യമാകുമെന്ന് കെ.എം.സി കമ്പനി അധികൃതർ അറിയിച്ചു. 26നകം തുരങ്കനിർമാണം ഉൾെപ്പടെ എല്ലാ ഉപകരാറുകാർക്കും പണം നൽകും. തകർന്ന പാതയുടെ റീ ടാറിങ്ങിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഇത് പൂർത്തിയാകുമ്പോഴേക്കും വായ്പ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. വൈകാതെ തന്നെ ദേശീയപാത വികസനപ്രവർത്തനം പുനരാരംഭിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു. ഇതിനിടെ ഒരു മാസമായി പണി നിർത്തിവെച്ച് സമരം ചെയ്യുന്ന തൊഴിലാളികളുമായി അധികൃതർ വടക്കഞ്ചേരിയിൽ ചർച്ച നടത്തിയിട്ടുണ്ട്. ഉടൻ പണം ലഭ്യമാകുമെന്ന് ഉറപ്പുനൽകിയതോടെ പണിയാരംഭിക്കാൻ ഇവർ സന്നദ്ധരായിട്ടുണ്ട്. 60,000 മുതൽ ഒന്നരലക്ഷം വരെ രൂപ കുടിശ്ശികയുള്ളവരുണ്ട്. നാല് മാസമായി ഇവർക്ക് ശമ്പളം നൽകിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.