നവരാത്രിയായിട്ടും താമരപ്പാടങ്ങളിൽ കണ്ണീർമഴ

തിരുനാവായ: കടുത്ത വേനലിൽ വരണ്ടുപോയ താമരപ്പാടങ്ങൾ കാലവർഷനിറവിൽ തളിർത്ത് പൂവിടാൻ തുടങ്ങിയപ്പോഴേക്കും ഓർക്കാപ്പുറത്തെത്തിയ കനത്ത മഴ കർഷകരെ കണ്ണീരിലാഴ്ത്തി. നവരാത്രി സീസണിൽ ചെന്താമരപ്പൂക്കൾക്ക് ഡിമാൻഡുള്ള സമയത്ത് താമരപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങിയതിനാൽ മൊട്ടുകളെല്ലാം നശിച്ചു. മഴ മാറിനിന്നാൽതന്നെ ഇനി പൂക്കൾ കിട്ടിത്തുടങ്ങണമെങ്കിൽ മൂന്നാഴ്ചയെങ്കിലും കാത്തിരിക്കണമെന്നാണ് കർഷകർ പറയുന്നത്. ശബരിമല, നവരാത്രി സീസണുകളിലാണ് പൂക്കൾക്ക് ഏറെ ആവശ്യക്കാരുള്ളത്. കടുത്ത വേനലിനെ അതിജീവിച്ച് നവരാത്രി സീസൺ കാത്തിരിക്കെയാണ് ന്യൂനമർദ ഫലമായെത്തിയ കനത്ത മഴയിൽ ജലവിതാനമുയർന്ന് പ്രതീക്ഷകളത്രയും വെള്ളത്തിലായത്. 2013ന് ശേഷം ആദ്യമായാണ് ഈ അനുഭവമെന്ന് കർഷകർ പറയുന്നു. ഏറെക്കാലമായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന ക്ഷേത്രങ്ങളിലേക്കും വിപണികളിലേക്കും താമര കയറ്റിയയക്കുന്നത് തിരുനാവായയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന ചെന്താമരപ്പൂക്കളാണ്. നാഗർകോവിലിൽനിന്നും മറ്റും ഇടക്കാലത്ത് ചെന്താമരപ്പൂക്കൾ വന്നുതുടങ്ങിയെങ്കിലും തിരുനാവായയിലെ പൂക്കൾക്ക് ഇന്നും ആവശ്യക്കാരേറെയാണ്. വലിയ പറപ്പൂർ കായൽ, പല്ലാറ്റു കായൽ, ചാലിയപ്പാടം, തിരുത്തിത്താഴം, കൊടക്കൽത്താഴം, ചെറിയ പറപ്പൂർ എന്നിവിടങ്ങളിലായി ആയിരത്തിലധികം ഏക്കർവരുന്ന സ്ഥലത്താണ് 30ഓളം കർഷകർ ഭൂമി പാട്ടത്തിനെടുത്ത് താമരകൃഷി ചെയ്യുന്നത്. നിലമൊരുക്കി വിളവിറക്കാനും താമരപ്പാടങ്ങളിലെ ചണ്ടികൾ നീക്കം ചെയ്യാനും മൂത്ത ഇലകളും കേടുവന്ന പൂക്കളും നുള്ളിക്കളയാനുമൊക്കെയായി ഓരോ കർഷകനും വർഷത്തിൽ പതിനായിരക്കണക്കിന് രൂപയാണ് ചെലവ് വരുന്നത്. പരമ്പരാഗതമായി തിരുനാവായയിൽ നൂറിലേറെ കർഷകർ ചെയ്യുന്ന താമരകൃഷിയെ സർക്കാർ മറ്റു കൃഷികളുടെ ഗണത്തിൽപ്പെടുത്തി അംഗീകരിക്കാത്തതിനാൽ പഞ്ചായത്ത്, കൃഷിഭവൻ, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നൊക്കെ ആദരിക്കലല്ലാതെ മറ്റൊരാനുകൂല്യങ്ങളും ലഭിക്കാറില്ലെന്ന് ഇവർ പറയുന്നു. അതുകൊണ്ടുതന്നെ ഭാരിച്ച തുക വായ്പയെടുത്ത് കൃഷിയിറക്കുന്ന താമരകർഷകർക്ക് പൂക്കൾ നശിക്കുകയോ വില കുറയുകയോ ചെയ്താൽ വൻ നഷ്ടമാണുണ്ടാവുന്നത്. photo: tir mw2 കൊടക്കൽത്താഴത്ത് വെള്ളത്തിൽ മുങ്ങിയ താമരപ്പാടങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.