മങ്കടയിൽ വ്യാപക കൃഷിനാശം

മങ്കട: രണ്ടു ദിവസമായി പെയ്ത മഴയിൽ മേഖലയിൽ വ്യാപക കൃഷിനാശം. മങ്കട കൃഷിഭവന് കീഴിൽ 150 ഏക്കർ നെൽവയലും 30 ഏക്കർ വാഴത്തോട്ടവും അഞ്ച് ഏക്കർ മരച്ചീനി കൃഷിയും നശിച്ചതായി കൃഷി ഓഫിസർ പി. ജസീന പറഞ്ഞു. മങ്കട, കൂട്ടിൽ ചേരിയം, കടന്നമണ്ണ, വെള്ളില പ്രദേശങ്ങളിലാണ് കാര്യമായ നാശങ്ങൾ ഉണ്ടായത്. ഞാറുനട്ട വയലുകൾ നശിക്കുകയും നടാനിരുന്ന വയലുകളിൽ സൂക്ഷിച്ചിരുന്ന ഞാറുകൾ വെള്ളത്തിൽ ഒലിച്ചുപോവുകയും ചെയ്തു. കനത്ത മഴയിൽ വെള്ളം കയറി കൊയ്തെടുക്കാനാകാതെ കടന്നമണ്ണയിൽ വിരിപ്പു കൃഷി നശിച്ചു. കടന്നമണ്ണ മേലേപറമ്പിൽ മുരളീധരൻ, തങ്ക, ചന്ദ്രശേഖരൻ നായർ എന്നിവരുടെ വിളഞ്ഞ നെല്ലാണ് നശിച്ചത്. മുണ്ടകൻ കൃഷിക്ക് നിലമൊരുക്കാനായി കഴിഞ്ഞ വ്യാഴാഴ്ച കൊയ്ത്ത് തുടങ്ങിയെങ്കിലും മഴമൂലം കൊയ്തെടുത്ത നെല്ല് വയലിൽതന്നെ ഉപേക്ഷിക്കുകയായിരുന്നു. കൊയ്തെടുത്ത നെല്ല് മുളക്കുകയും വെള്ളം കയറിയ നെല്ല് ചീഞ്ഞ് നശിക്കുകയും ചെയ്തു. സമയത്തിന് കൊയ്തെടുക്കാൻ കഴിയാത്തതിൽ മുണ്ടകൻ കൃഷിക്ക് നിലമൊരുക്കാനായില്ല. നാമമാത്രമായ കർഷകർ മാത്രമാണ് മങ്കടയിൽ ഇത്തവണ വിരിപ്പ് കൃഷി നടത്തിയത്. വിതക്കാൻ വൈകിയ കർഷകർക്കാണ് മഴ വിനയായത്. മറ്റു കർഷകരെല്ലാം ചിങ്ങത്തിൽതന്നെ വിരിപ്പ് കൃഷി കൊയ്തെടുത്തു. സാമ്പത്തിക നഷ്ടത്തിനു പുറമെ മുണ്ടകൻ കൃഷികൂടി മുടങ്ങിയത് കർഷകരെ പ്രതിസന്ധിയിലാക്കി. നാശം വിലയിരുത്തി അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. കടന്നമണ്ണയിൽ കൊയ്തെടുക്കാനാകാതെ നശിച്ച വിരിപ്പു കൃഷി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.