മലയാള സർവകലാശാല സെമിനാർ ഇന്ന് സമാപിക്കും

തിരൂർ: മലയാളിയുടെ കുടുംബ, സാമ്പത്തിക ബന്ധങ്ങൾ, കേരളത്തിലെ മതം, ജാതി എന്നിവയുടെ സ്വാധീനം, ദുർബല വിഭാഗങ്ങളുടെ പ്രശ്നങ്ങൾ, മാധ്യമങ്ങളുടെ ദൗത്യം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായപ്പോൾ മലയാള സർവകലാശാലയിലെ ദേശീയ സെമിനാറി​െൻറ രണ്ടാം ദിനം സജീവമായി. നവലിബറൽ നയങ്ങൾ സമകാലീന ജീവിതത്തെ അനിശ്ചിതവും ഭീതിദവുമാക്കി മാറ്റിയിരിക്കുന്നുവെന്ന് 'ദുർബല വിഭാഗങ്ങൾ, ഒഴിച്ചുനിർത്തപ്പെടുന്നവർ, അന്യവത്കരണം' ചർച്ചയിൽ പങ്കെടുത്ത പ്രഫ. എ.കെ. രാമകൃഷ്ണൻ പറഞ്ഞു. ഇന്നത്തെ ഇന്ത്യയിൽ മൗനം അപകടകരമാണെന്നും സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്നവരെ ദൃഷ്ടിപഥത്തിൽ കൊണ്ടുവരികയാണ് അക്കാദമിക് സമൂഹത്തി​െൻറ മുഖ്യദൗത്യമെന്നും ഡോ. എം.കെ. ജോർജ് എസ്.ജെ പറഞ്ഞു. പ്രഫ. കെ.എം. ഭരതൻ മോഡറേറ്ററായിരുന്നു. മിശ്രവിവാഹവും മിശ്രഭോജനവും ഇന്നും പൂർണമായിട്ടില്ലാത്ത സമൂഹമാണ് കേരളമെന്ന് 'മതം, ആത്മീയത, ജാതി' സെമിനാറിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. എല്ലാ മതത്തെയും തുറന്ന മനസ്സോടെ സ്വീകരിക്കുന്ന പാരമ്പര്യമാണ് കേരളത്തിന് ഉണ്ടായിരുന്നതെന്നും മതങ്ങൾക്കിടയിൽ വിടവുകൾ വർധിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുകയാണെന്നും നോവലിസ്റ്റ് ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു. പ്രഫ. എം. ശ്രീനാഥൻ മോഡറേറ്ററായി. മാധ്യമങ്ങൾ ജനജീവിതത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന പ്രശ്നങ്ങൾ കാണാതെ പോകുന്നുവെന്ന് 'മാധ്യമങ്ങളും മാറുന്ന സാമൂഹ്യ നിർമിതികളും' സെഷനിൽ അഡ്വ. എ. ജയശങ്കർ പറഞ്ഞു. ഭരണകൂടങ്ങളുടെയും കോർപറേറ്റുകളുടെയും ആശയങ്ങൾക്കനുസരിച്ച് മാധ്യമങ്ങൾ അയഥാർഥമായ ലോകമാണ് തുറന്നുതരുന്നതെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ പറഞ്ഞു. പ്രഫ. ടി. അനിതകുമാരി ചർച്ച നിയന്ത്രിച്ചു. 'സാമ്പത്തിക ബന്ധങ്ങൾ, കുടുംബം ലിംഗപ്രശ്നങ്ങൾ' ചർച്ചയിൽ ഡോ. കെ.എം. ഷീബ, ഡോ. സൂസമ്മ ഐസക് എന്നിവർ സംസാരിച്ചു. പ്രഫ. മധു ഇറവങ്കര മോഡറേറ്ററായി. സമാപനദിവസമായ ബുധനാഴ്ച വിദ്യാർഥികളുടെ പ്രബന്ധാവതരണം നടക്കും. ഉച്ചക്ക് രണ്ടിന് സമാപന സമ്മേളനം പ്രഫ. ജേക്കബ് ജോൺ കട്ടക്കയം ഉദ്ഘാടനം ചെയ്യും. caption Tir G1 seminar: മലയാള സർവകലാശാലയിലെ ദേശീയ സെമിനാറിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.