മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ ഉരുൾപൊട്ടൽ, മല വിണ്ടുകീറി; അട്ടപ്പാടി ചുരത്തിൽ വൻ മലയിടിച്ചിൽ

* അട്ടപ്പാടി ഒറ്റപ്പെട്ടു * കൊർണകുന്നിൽ മല ഇടിഞ്ഞിറങ്ങാവുന്ന സ്ഥിതി * റോഡിൽ മണ്ണിടിഞ്ഞത് 50 മീറ്റർ ഉയരത്തിൽ * നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും മണ്ണാർക്കാട്: മേഖലയിൽ തുടരുന്ന കനത്ത മഴയിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടി. അട്ടപ്പാടി ചുരത്തിൽ പത്താംവളവിനു സമീപം വൻ മലയിടിച്ചിലിനെ തുടർന്ന് അട്ടപ്പാടി ഒറ്റപ്പെട്ടു. ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. വിവിധ ഭാഗങ്ങളിൽനിന്നായി നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴ പൂഞ്ചോലയിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഇരുമ്പകച്ചോല കൊർണകുന്നിൽ മല വിണ്ടുകീറിയത് പ്രദേശത്തെ ഭീതിയിലാഴ്ത്തി. ഇവിടെയുള്ള ഇരുപതോളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കും. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലാണ് കാഞ്ഞിരപ്പുഴ പൂഞ്ചോല ഉറവൻചോലയിലും ഇരുമ്പകേച്ചാലയിലെ കൊർണകുന്നിലും ഉരുൾപൊട്ടിയത്. ഉറവൻചോലയിൽ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഉരുൾപൊട്ടിയത്. പൂഞ്ചോല മങ്കട മലവാരത്തിലാണ് ഉരുൾപൊട്ടിയത്. കുത്തിയൊലിച്ച കല്ലും മണ്ണും വീണ് കൊല്ലംപുറത്തു കണ്ണ​െൻറ വീട് പൂർണമായും തകർന്നു. സമീപവാസിയായ ശശിയുടെ വീടിനും കേടുപറ്റി. പറയകാട്ടിൽ ശശിയുടെ സ്വിഫ്റ്റ് കാർ മണ്ണിനടിയിൽ പുതഞ്ഞു. പുലർച്ചെ വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. റോഡ് പൂർണമായും തകർന്നു. രണ്ടടിയോളം ഉയരത്തിലാണ് റോഡിൽ മണ്ണിടിഞ്ഞത്. പൂഞ്ചോല പാമ്പൻതോട് ആദിവാസി കോളനിയിലേക്കുള്ള മൂന്നു റോഡുകളും ഉരുൾപൊട്ടലിൽ തകർന്നു. കോളനി ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെയുള്ള 47 ആദിവാസി കുടുംബങ്ങളെ പൂഞ്ചോല സ്‌കൂളിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കോളനിക്ക് മുകളിൽ ഏതു നിമിഷവും വീഴാവുന്ന തരത്തിൽ വൻ പാറക്കല്ലുകൾ നിൽക്കുകയാണ്. ഉരുൾപൊട്ടലിൽ ഇരുമ്പകച്ചോല റോഡ് തകർന്നു ഗതാഗതം തടസ്സപ്പെട്ടു. വെള്ളത്തോട് ആദിവാസി കോളനിയിലെ 38 കുടുംബങ്ങളെ പുളിക്കൽ സ്‌കൂളിലേക്ക് മാറ്റിത്താമസിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ഇവർ തയാറായിട്ടില്ല. മഴ തുടർന്നാൽ ഏതുനിമിഷവും ഉരുൾപൊട്ടൽ ഭീഷണിയിലാണ് കോളനി. ആവശ്യെമങ്കിൽ പൊലീസിനെ ഉപയോഗിച്ച് കോളനിവാസികളെ മാറ്റാനാണ് റവന്യൂ വകുപ്പ് തീരുമാനം. മഴ ശക്തമായി തുടർന്നാൽ ഇരുമ്പകച്ചോല കൊർണകുന്നിൽ ഏതു നിമിഷവും മല ഇടിഞ്ഞിറങ്ങാവുന്ന സ്ഥിതിയാണ്. മുകൾഭാഗത്ത് മല രണ്ടായി വിണ്ടു നിൽക്കുകയും ചില ഭാഗത്തു അഞ്ചടിയോളം ഇടിഞ്ഞിറങ്ങുകയും ചെയ്തിട്ടുണ്ട്. ഇതിനു സമീപ പ്രദേശങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ ഉരുൾപൊട്ടലുണ്ടായത്. ഇരുമ്പകച്ചോല റോഡി​െൻറ പല ഭാഗവും തകർന്നു. അട്ടപ്പാടി മുക്കാലി ചുരത്തിൽ രണ്ടാം ദിവസവും മണ്ണിടിച്ചിൽ തുടർന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് മന്ദംപൊട്ടി വെള്ളച്ചാട്ടത്തിനു സമീപം പത്താം വളവിന് മുന്നിലായി വൻ മലയിടിച്ചിലുണ്ടായത്. 100 മീറ്ററോളം മുകളിൽ നിന്ന് മലയിടിഞ്ഞിറങ്ങി വന്ന മണ്ണ് റോഡിൽ 50 മീറ്ററോളം ഉയരത്തിൽ നിൽക്കുകയാണ്. 50 മീറ്ററിലധികം നീളത്തിൽ കിടക്കുന്ന മണ്ണ് ഏഴ് മണ്ണുമാന്തി യന്ത്രമുപയോഗിച്ചു നീക്കിയിട്ടും എങ്ങുമെത്തിയിട്ടില്ല. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരും മണ്ണ് നീക്കാനെന്നാണ് സൂചന. മരം വീണ് അഗളി 33 കെ.വി ലൈൻ തകർന്നതിനെ തുടർന്ന് അട്ടപ്പാടി മേഖലയിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടു. വൈദ്യുതി പുനഃസ്ഥാപിക്കാൻ രണ്ടു ദിവസമെടുക്കും. ചുരത്തി​െൻറ പല ഭാഗത്തും തിങ്കളാഴ്ച വൈകിയും ചെറിയ തോതിൽ മണ്ണിടിഞ്ഞു. അട്ടപ്പാടി പൂർണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.