ഷാർജ സുൽത്താന് ഡി.ലിറ്റ് ബിരുദദാനം: ആശയക്കുഴപ്പത്തിന് അന്ത്യം; ചടങ്ങ് 26ന് രാജ്ഭവനിൽ

ഷാർജ സുൽത്താന് ഡി.ലിറ്റ് ബിരുദദാനം: ആശയക്കുഴപ്പത്തിന് അന്ത്യം; ചടങ്ങ് 26ന് രാജ്ഭവനിൽ കോഴിക്കോട്: ഷാർജ സുൽത്താൻ ഡോ. ശൈഖ് ബിൻ മുഹമ്മദ് അൽഖാസിമിക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം രാജ്ഭവനിൽ സമ്മാനിക്കും. ചാൻസലർ കൂടിയായ ഗവർണർ ജസ്റ്റിസ് പി. സദാശിവവുമായി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ നടത്തിയ ചർച്ചക്കുശേഷമാണ് വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. ത​െൻറ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ നടത്താൻ ഗവർണർ നിർദേശിക്കുകയായിരുന്നു. ഈ മാസം 26നാണ് അദ്ദേഹത്തിന് ഡി.ലിറ്റ് സമ്മാനിക്കുന്നത്. സർവകലാശാല ആസ്ഥാനമായ തേഞ്ഞിപ്പലത്ത് നടത്താനിരുന്ന ബിരുദദാനം കോഴിക്കോട് നഗരത്തിലേക്ക് മാറ്റണമെന്ന് സർക്കാർ നിർദേശമുണ്ടായിരുന്നു. സുരക്ഷാപ്രശ്നവും വേങ്ങര ഉപതെരഞ്ഞെടുപ്പും മുൻനിർത്തിയായിരുന്നു ഇത്. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥുമടക്കമുള്ളവർക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാൽ മലപ്പുറം ജില്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനാകുമായിരുന്നില്ല. എന്നാൽ, കോഴിക്കോട് നഗരത്തിലേക്ക് ചടങ്ങ് മാറ്റുന്നതിന് മുസ്ലിം ലീഗും യു.ഡി.എഫ് സിൻഡിക്കേറ്റ് അംഗങ്ങളും എതിരായിരുന്നു. ഭരണ, പ്രതിപക്ഷ കക്ഷികളുടെ ആവശ്യങ്ങൾക്ക് ചെവികൊടുക്കാതെയാണ് രാജ്ഭവനിൽ ഡി.ലിറ്റ് നൽകാൻ ഗവർണർ തീരുമാനിച്ചത്. സർവകലാശാല ആസ്ഥാനത്തിന് പുറത്ത് ഡി.ലിറ്റ് ബിരുദം സമ്മാനിക്കുന്നത് അപൂർവവുമാണ്. കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗം വിഷയം ചർച്ചചെയ്തിരുന്നു. തേഞ്ഞിപ്പലത്തുതന്നെ നടത്തണമെന്ന് ചില യു.ഡി.എഫ് അംഗങ്ങൾ യോഗത്തിലാവശ്യപ്പെട്ടു. സ്ഥിതിഗതികൾ ഗവർണറെ ധരിപ്പിക്കാൻ വി.സിയെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്നാണ് തിങ്കളാഴ്ച രാവിലെ വി.സി തിരുവനന്തപുരത്തെത്തി ഗവർണറെ കണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.