കനത്ത മഴ തുടരുന്നു: അട്ടപ്പാടിയിൽ അഞ്ചിടത്ത് ഉരുൾപൊട്ടി, കനത്ത നാശനഷ്​ടം

അട്ടപ്പാടിയിൽ അഞ്ചിടത്ത് ഉരുൾപൊട്ടി, കനത്ത നാശനഷ്ടം *ഏഴുവീടുകൾ ഒലിച്ചുപോയി, അമ്പതോളം വീടുകൾ ഭാഗികമായി തകർന്നു *അട്ടപ്പാടി ചുരത്തിൽ ഗതാഗതം നിരോധിച്ചു * ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു അഗളി: മൂന്നുദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് അട്ടപ്പാടിയിൽ അഞ്ചിടത്ത് ഉരുൾപൊട്ടി. ഏഴുവീടുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. അമ്പതോളം വീടുകൾ ഭാഗികമായി തകർന്നു. ഞായറാഴ്ച പുലർച്ചയാണ് അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടിയത്. ആനക്കൽ ചെന്തക്കട്ടി മലയിലാണ് പ്രധാനമായി ഉരുൾപൊട്ടൽ ഉണ്ടായത്. കൽക്കണ്ടി വണ്ടൻപാറയിൽ ഔസേപ്പ്, റംല എന്നിവരുടെ വീടുകൾ ഒലിച്ചുപോയി. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്ന ഇവരെ അയൽവാസികൾ രക്ഷപ്പെടുത്തുകയായിരുന്നു. ആനക്കൽ രാമൻ കോളനിയിൽ പച്ച, ജാനകി എന്നിവരുടെ വീടുകൾ ഒലിച്ചുപോയി. ജാനകിയുടെ മകൻ മാത‍​െൻറ 60 ആടുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇവരുടെ 700 വാഴകളും നശിച്ചു. ചെമ്മണ്ണൂർ ഊരിലെ ഗിരീഷ്, സുരേന്ദ്രൻ, കണ്ടിയൂർതൊട്ടിയാങ്കല്ലിലെ ജോയി എന്നിവരുടെ വീടുകളും ഒലിച്ചുപോയി. ഓടയിൽ നാസർ എന്നയാളുടെ ഇരുചക്ര വാഹനവും ഒലിച്ചുപോയി. കാവുണ്ടിക്കല്ലിലെ സർക്കാർ കാരുണ്യാശ്രമം, കൽക്കണ്ടി യു.പി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു, ദുരിതബാധിത പ്രദേശങ്ങളിൽനിന്ന് ആളുകളെ ഇവിടങ്ങളിലേക്ക് മാറ്റി. ജില്ലയിൽ പാലക്കാടും മണ്ണാർക്കാടും കൺട്രോൾ റൂമുകൾ തുറന്നതായി കലക്ടർ അറിയിച്ചു. പൊലീസ്, അഗ്നിശമന സേന, വനംവകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മുക്കാലിയിലെയും ആനമൂളിയിലെയും വനംവകുപ്പ് ചെക്ക്പോസ്റ്റുകൾ അടച്ച് അട്ടപ്പാടി ചുരം വഴിയുള്ള യാത്ര തൽക്കാലികമായി നിരോധിച്ചു. പലപ്രദേശങ്ങളും ഒറ്റപ്പെട്ടു. മണ്ണിടിഞ്ഞതിനെ തുടർന്ന് അട്ടപ്പാടി ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ കാരണം ഉൾഗ്രാമങ്ങളിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. മുക്കാലി, ചോലക്കാട്, ചെമ്മണ്ണൂർ, ചിറ്റൂർ, കുറവൻപാടി, പെട്ടിയ്ക്കൽ, കോട്ടമല, കക്കുപ്പടി, ജെല്ലിപ്പാറ, അഗളി പ്രദേശങ്ങളിൽ കനത്ത മഴയിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. നിരവധി ആദിവാസി ഊരുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മണ്ണാർക്കാട് തഹസിൽദാർ ജെ. ചന്ദ്രശേഖര കുറുപ്പി​െൻറ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വൈദ്യുതിക്കാലുകൾ കടപുഴകി വീണതിനാൽ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി നിലച്ചു. അട്ടപ്പാടി ചുരത്തിൽ ഏഴ് എക്സ്കവേറ്ററുകൾ ഉപയോഗിച്ച് ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുന്നുണ്ടങ്കിലും മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.