സപ്ലൈകോ സൂപ്പർമാർക്കറ്റിലും രാഷ്​ട്രീയവത്​കരണമെന്ന് ആക്ഷേപം

തിരൂരങ്ങാടി: സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ജീവനക്കാരുടെ നിയമനത്തിൽ രാഷ്ട്രീയ സ്വാധീനമുള്ളതായി ആക്ഷേപം. ദിവസങ്ങൾക്ക് മുമ്പ് ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഭക്ഷ്യവിഭവ മന്ത്രി ഉദ്ഘാടനം ചെയ്ത സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് വിവാദം. നിലവിൽ മൂന്ന് സ്റ്റാഫുകളുളള ഇവിടെ രണ്ടുപേർ ഇടതുപക്ഷ അനുഭാവികളും ഒരാൾ യു.ഡി.എഫ് അനുകൂലിയുമാണത്രെ. എന്നാൽ, യു.ഡി.എഫ് അനുകൂലിയെ ജോലിയിൽനിന്ന് ഒഴിവാക്കാൻ ചിലർ ശ്രമങ്ങൾ നടത്തുന്നതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. മൂന്ന് ജീവനക്കാരിൽ ഒരാൾ ലീവായതിനാൽ പകരക്കാരനെ താൽക്കാലികമായി നിയമിച്ചതാണെന്നും ഡിപ്പോ മാനേജറാണ് ജീവനക്കാരെ നിയമിക്കുന്നതെന്നും ഇടതുപക്ഷം ഭരിക്കുമ്പോൾ അതേ പാർട്ടിയിലുള്ളവരെ മാത്രമേ ജോലിയിൽ നിലനിർത്തുകയുള്ളൂ എന്നും തിരൂരങ്ങാടിയിലെ സി.പി.ഐ നേതാവ് പറഞ്ഞു. അതേസമയം, ഇത്തരം കാര്യങ്ങളിൽ യു.ഡി.എഫ് രാഷ്ട്രീയം നോക്കാറില്ലെന്നും പല മാവേലി സ്‌റ്റോറിലും ഇടതുപക്ഷം ഭരണത്തിൽ നിയമിച്ച ആളുകളെ യു.ഡി.എഫ് ഭരണകാലത്ത് മാറ്റിയിട്ടില്ലെന്നും തിരൂരങ്ങാടി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ നടക്കുന്ന രാഷ്ട്രീയവത്കരണത്തിനെതിരെ ശക്തമായി രംഗത്തുവരുമെന്നും യു.ഡി.എഫ് പ്രാദേശിക നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.