വെള്ളത്തിൽ മുങ്ങി വണ്ടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും മൈതാനവും

വണ്ടൂർ: കനത്ത മഴയില്‍ വണ്ടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഫിസിലും ക്ലാസ് മുറികളിലും വെള്ളം കയറി. സ്‌കൂളില്‍ നടന്നുകൊണ്ടിരുന്ന ഹയര്‍ സെക്കൻഡറി അധ്യാപകരുടെ പരിശീലന പരിപാടി ഇതുമൂലം മുടങ്ങി. ശനിയാഴ്ച പെയ്ത മഴയിലാണ് സ്‌കൂളിലെ ഹയർ സെക്കൻഡറി ക്ലാസ് മുറികളും ഓഫിസും വെള്ളത്തില്‍ മുങ്ങിയത്. രണ്ട് ദിവസമായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ശനിയാഴ്ച രാവിലെ മുതല്‍തന്നെ സ്‌കൂള്‍ മൈതാനവും പരിസരവും വെള്ളം മൂടിയിരുന്നു. ഉച്ചക്ക് ശേഷം തറനിരപ്പില്‍ നിന്നുയർന്ന വെള്ളം ക്ലാസ് മുറികളിലും ഓഫിസ് കെട്ടിടത്തിലും പ്രവേശിച്ചു. ഇതോടെ വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കൻഡറി അധ്യാപകരുടെ വിഷയാധിഷ്ഠത പരിശീലന പരിപാടി മുടങ്ങി. പിന്നീട് മുകള്‍ നിലയിലേക്ക് മാറ്റി പൂര്‍ത്തീകരിക്കുകയായിരുന്നു. സമീപത്തെ വെക്കത്തോട്ടില്‍നിന്നും റോഡില്‍നിന്നുമുള്ള വെള്ളം മുഴുവനുമെത്തുന്നത് സ്‌കൂള്‍ കോമ്പൗണ്ടിലേക്കാണ്. എല്ലാ മഴക്കാലത്തും ഇവിടെ വെള്ളം പൊങ്ങി പഠനം മുടങ്ങുന്നത് പതിവാണ്. വെക്കത്തോട് കൈയേറ്റം മൂലം വീതി കുറഞ്ഞതാണ് പ്രധാനമായും വെള്ളക്കെട്ടിന് കാരണമാവുന്നത്. അങ്ങാടി മാലിന്യങ്ങള്‍ മുഴുവന്‍ വഹിച്ചെത്തുന്ന വെള്ളം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവും. വിഷയം നിരവധി തവണ വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെങ്കിലും നടപടികളൊന്നുമുണ്ടാവാത്തത് പ്രതിഷേധാര്‍ഹമാണെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.