ഡോക്ടറുടെ വീട്ടിലെ മോഷണം: വിരലടയാള പരിശോധന ഫലം കാത്ത് പൊലീസ്

പാലക്കാട്: നഗരമധ്യത്തിലെ ഡോക്ടറുടെ വീട്ടിലെ വിഗ്രഹത്തിൽ ചാർത്തിയ ആഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ വിരലടയാള പരിശോധന ഫലം കാത്ത് പൊലീസ്. പൊലീസ് നായ് വീടിന് പുറത്തേക്ക് പോകാത്തതും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ തെളിവ് കിട്ടാത്തതുമാണ് പൊലീസിനെ കുഴക്കിയത്. ആദ്യഘട്ടത്തിൽ സംശയം തോന്നി കസ്റ്റഡിയിൽ എടുത്തവരെ പൊലീസ് വിട്ടയച്ചിരുന്നു. ഇനി വിരലടയാള പരിശോധനാ ഫലത്തിലാണ് പൊലീസി​െൻറ പ്രതീക്ഷ. സംഭവത്തിന് ശേഷം സ്ഥലത്തെത്തിയ പൊലീസ് നായ് വീടിനുചുറ്റും ഓടി തിരിച്ചുവരുകയായിരുന്നു. അതി‍​െൻറ അടിസ്ഥാനത്തിൽ ബുധനാഴ്ച വീടുംപറമ്പും മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. വീട്ടിലെ ജോലിക്കാരിയെ പൊലീസ് സംശയിച്ചിരുന്നെങ്കിലും അവർക്ക് പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. മൊഴികളിലെ പൊരുത്തക്കേടും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവദിവസം വീട്ടിൽ വേലക്കാരിയും ഡോക്ടറുമല്ലാതെ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി 12നും ഞായറാഴ്ച പുലർച്ച ആറിനും ഇടയിലാണ് നഗരമധ്യത്തിൽ ഹെഡ്പോസ്റ്റ് ഓഫിസിന് സമീപത്തുള്ള ഹോമിയോ ഡോക്ടർ പി.ജി. മേനോ‍​െൻറ വീട്ടിലെ പൂജാമുറിയിലെ കൃഷ്ണ വിഗ്രഹത്തിൽ ചാർത്തിയ 65 പവനോളം തൂക്കം വരുന്ന ആഭരണങ്ങൾ മോഷണം പോയത്. സംഭവ സമയം 93 വയസ്സുകാരനായ ഡോക്ടർ പി.ജി. മേനോനും ഒന്നര വർഷമായി അവിടെ ജോലി ചെയ്യുന്ന സ്ത്രീയും മാത്രമാണ് ഉണ്ടായിരുന്നത്. മോഷണം നടന്നതി‍​െൻറ ലക്ഷണങ്ങളൊന്നും ഡോക്ടറുടെ വീട്ടിലുണ്ടായിരുന്നില്ല. വീടിനു പിറകിലെ വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വർഷങ്ങൾക്ക് മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. എന്നാൽ, അന്ന് കാര്യമായ അന്വേഷണങ്ങളുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.