രണ്ടാഴ്ച മുമ്പും വധശ്രമമുണ്ടായി; കേസ് പൊലീസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്ന് ആരോപണം

കുഴൽമന്ദം: കഴിഞ്ഞദിവസം കൊല്ലപ്പെട്ട സ്വാമിനാഥനും ഭാര്യക്കുമെതിരെ രണ്ടാഴ്ച മുമ്പുണ്ടായ വധശ്രമക്കേസിൽ പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്വാമിനാഥ​െൻറ സഹോദരൻ മജിസ്ട്രേറ്റിന് പരാതി നൽകി. ആഗസ്റ്റ് 31നാണ് ഇവർക്കുനേരെ വധശ്രമമുണ്ടായത്. വീട്ടിലെ മെയിൻ ഫ്യൂസിൽനിന്ന് ഇലക്ട്രിക് വയർ ബന്ധിപ്പിച്ച് വടിയിൽ വയർ ചുറ്റി ഷോക്കേൽപ്പിക്കാനായിരുന്നു ശ്രമം. തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടത്. സംഭവം നടന്ന അന്ന് രാത്രി വീട്ടിലെത്തിയ പൊലീസ് തെളിവ് നശിപ്പിച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പിറ്റേ ദിവസം സ്വാമിനാഥൻ കോട്ടായി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ വൈകിപ്പിച്ചു. മൂന്നാം തീയതിയാണ് വധശ്രമത്തിന് കേസെടുത്തത്. രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. അന്നത്തെ സംഭവത്തിൽ ക്വാറി നടത്തിപ്പുമായി ബന്ധപ്പെട്ട ഒരാളെ സംശയമുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. കൊലപാതകം ക്വട്ടേഷനാണെന്നും ബന്ധുക്കൾ സംശയമുന്നയിക്കുന്നു. അന്ന് നൽകിയ പരാതിയിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയിരുന്നെങ്കിൽ കൊലപാതകം നടക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തെ പാടശേഖരസമിതി സെക്രട്ടറിയായിരുന്നു സ്വാമിനാഥൻ. ഈ സംഭവത്തിന് ശേഷം കൃത്യം രണ്ടാഴ്ച പിന്നിടുമ്പോഴാണ് കൊലപാതകം നടക്കുന്നത്. വധശ്രമത്തിന് സ്വാമിനാഥൻ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ആഗസ്റ്റ് 31ലെ വധശ്രമത്തിന് ശേഷമാണ് തേനൂരിലെ വീട്ടിൽനിന്ന് വൃദ്ധദമ്പതികൾക്ക് കൂട്ടിനായി മരുമകൾ ഷീജ ഇവർ താമസിച്ച വീട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു. ഷീജയും കൊല്ലപ്പെട്ട സ്വാമിനാഥനും ഭാര്യയും നല്ല ബന്ധത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഷീജയുമായുള്ള സദാനന്ദ​െൻറ ബന്ധം സ്വാമിനാഥനും ഭാര്യയും അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമെങ്കിൽ വധശ്രമസംഭവത്തിന് ശേഷം ഷീജ എങ്ങനെയാണ് ഇവർക്ക് കൂട്ടിനായി എത്തിയതെന്ന ചോദ്യമുയരുന്നുണ്ട്. മകൻ ഷീജയുടെ വീട്ടിലാണ് താമസം. മോഷണശ്രമം നടന്നതി​െൻറ സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. ഷീജയുടെ മൂന്നര പവൻ സ്വർണാഭരണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ഇവർ സദാനന്ദന് നൽകിയതാണെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിൽ ഷീജയുടെ പങ്ക് വ്യക്തമാകാൻ ഫോൺകോൾ പരിശോധനയടക്കമുള്ള തെളിവ് പുറത്തുവരാനുണ്ട്. ആഗസ്റ്റ് 31ന് നടന്ന സംഭവത്തിന് പിന്നിലും കൊലപാതകത്തിന് പിന്നിലും സദാനന്ദനാണോ എന്നും പൊലീസിന് പരിശോധിക്കേണ്ടിവരും. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.