പുനരധിവാസ പാക്കേജില്ല; കീഴടങ്ങാൻ തയാറായ മാവോവാദികൾ പ്രതിസന്ധിയിൽ

അഗളി: സംസ്ഥാനത്ത് മാവോവാദി സംഘത്തിലെ ഒരു വിഭാഗം കീഴടങ്ങാൻ തയാറെങ്കിലും ഇവർക്കായി പ്രത്യേക പുനരധിവാസ പാക്കേജുകൾ ഇല്ലാത്തത് തടസ്സമാകുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ആയുധം വെച്ച് കീഴടങ്ങുന്ന മാവോവാദികൾക്ക് പ്രത്യേക പുനരധിവാസ പാക്കേജുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കേസ് ഒഴിവാക്കുന്നതോടൊപ്പം വീട്, ജോലി തുടങ്ങിയ വാഗ്ദാനങ്ങളും അവിടെ നൽകുന്നുണ്ട്. നാടുകാണി ദളത്തിൽ പ്രവർത്തിക്കുന്ന സോമ‍​െൻറ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിൽ കീഴടങ്ങാൻ സന്നദ്ധരായതെന്നും ആറുപേർ സംഘത്തിലുണ്ടെന്നും പോലീസ് പറയുന്നു. ആശയപരമായ ഭിന്നതകളെ തുടർന്നാണ് ഇവർ കീഴടങ്ങാൻ തയ്യാറായിരിക്കുന്നത്. കീഴടങ്ങാൻ തയ്യാറായവർ മറ്റ് മാവോവാദികളിൽ നിന്ന് വധഭീഷണി നേരിടുന്നുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കീഴടങ്ങുന്നവരുടെ കുടുംബാഗംങ്ങളെ ഉൾപ്പെടെ വധിക്കുമെന്നാണ് ഭീഷണി. അട്ടപ്പാടിയിലെ ശിരുവാണി, ഭവാനിദളത്തിൽ നിന്നുള്ള ചിലരും കീഴടങ്ങാൻ സന്നദ്ധരായിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കാളിദാസ്, കാർത്തിക്ക് എന്നിവരാണ്. ഇവർ തമിഴ്‌നാട് സ്വദേശികളാണ്. മേഖലയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാൻ സാധിക്കാത്തതാണ് പലരെയും കീഴടങ്ങാൻ പ്രേരിപ്പിക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ തിങ്കളാഴ്ച പുതൂർ പഞ്ചായത്തിലെ മൂലക്കൊമ്പ് ഊരിൽ നാല് മാവോവാദികളെത്തി. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി ഊരിലെത്തിയ ആയുധധാരികളായ മാവോവാദികൾ ഊരുവാസികളിൽ നിന്ന് ഭക്ഷണം ശേഖരിച്ച് മടങ്ങി. തമിഴിലാണ് ഇവർ ആശയവിനിമയം നടത്തിയതെന്ന് ഊരുവാസികൾ പറഞ്ഞു. എന്നാൽ, തിരിച്ചറിയാൻ പൊലീസിന് സാധിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.