അംഗൻവാടി ഓണറേറിയം 64.85 കോടി രൂപ അനുവദിച്ചു –കെ.കെ. ശൈലജ

തിരുവനന്തപുരം: അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വർധിപ്പിച്ച ഓണറേറിയം നൽകാൻ 64.85 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അംഗൻവാടി വർക്കർമാരുടെ ഓണറേറിയം 10,000 രൂപയും ഹെൽപ്പർമാരുടെ ഓണറേറിയം 7000 രൂപയുമായി വർധിപ്പിച്ചപ്പോൾ വർധിപ്പിച്ച തുകയുടെ 50 ശതമാനം സാമൂഹികനീതി വകുപ്പും 50 ശതമാനം തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തി നൽകണമെന്നുമാണ് തീരുമാനിച്ചിരുന്നത്. അംഗൻവാടി വർക്കർമാർക്ക് 4400 രൂപയുടെയും അംഗൻവാടി ഹെൽപ്പർമാർക്ക് 2900 രൂപയുടെയും വർധനയാണ് വരുത്തിയിരിക്കുന്നത്. ഈ വർധന പ്രകാരം ഈ രണ്ട് വിഭാഗങ്ങൾക്കുമായി 283.64 കോടി രൂപ നൽകേണ്ടിവരും. എന്നാൽ, പൂരക പോഷകാഹാര വിതരണത്തിന് പുറമെ 50 ശതമാനം കൂടുതലായുള്ള തുക പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വഹിക്കാൻ സാധിക്കാത്ത അവസ്ഥ ശ്രദ്ധയിൽപെട്ടിരുന്നു. ഇതിനെ തുടർന്ന് 2017–18 വർഷം മുതൽ സർക്കാർതന്നെ അധികം തുക വഹിക്കാൻ തീരുമാനിക്കുകയും ഇതിനാവശ്യമായ അധികതുകയായ 64.85 കോടി രൂപ അനുവദിക്കാൻ ധനകാര്യ വകുപ്പിനോട് ആവശ്യപ്പെടുകയുമുണ്ടായി. ഇതിനെ തുടർന്നാണ് നിലവിലുള്ള 359 കോടി രൂപക്ക് പുറമെ 64.85 കോടി രൂപ കൂടി അനുവദിച്ച് ഉത്തരവായത്. ഇതോടെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഓണറേറിയം നൽകുന്നില്ലെന്ന അംഗൻവാടി ജീവനക്കാരുടെ ദീർഘകാലമായുള്ള പരാതിക്ക് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.