ബൈക്കിടിച്ച്​ പരിക്കേറ്റ വയോധികൻ റോഡില്‍ ചോരവാര്‍ന്ന്​ മരിച്ചു

പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു നിലമ്പൂർ: ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ റോഡിൽ ചോരവാർന്ന് മരിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് വളയനൊടി മാധവന്‍ നായരാണ് (75) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ച ചന്തക്കുന്നിന് സമീപം കെ.എൻ.ജി റോഡിലാണ് അപകടം. സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ബൈക്കോടിച്ചയാളെ പൊലീസ് പിന്നീട് തിരിച്ചറിഞ്ഞു. ചന്തക്കുന്ന് ചാരംകുളം കുമ്മാളി മുഹമ്മദ് നസീമാണ് (27) ബൈക്ക് ഓടിച്ചിരുന്നത്. പരിക്കേറ്റ ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ച 5.40നാണ് അപകടം. ചന്തക്കുന്ന് ഭാഗത്തുനിന്ന് നടന്നുവന്ന മാധവൻ നായരെ ഇതേ ഭാഗത്തുനിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിക്കാൻ നിരവധി വാഹനങ്ങൾക്ക് ബൈക്ക് യാത്രികൻ കൈകാണിക്കുന്നതും ഇവ നിർത്താതെ പോകുന്നതും ദൃശ‍്യങ്ങളിലുണ്ട്. പിന്നീട്, ഇയാളെ ബൈക്കിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമം നടത്തുന്നതും ദൃശ‍്യത്തിലുണ്ട്. ഇതും പരാജയപ്പെട്ടതോടെ ബൈക്കുമായി പോവുകയായിരുന്നു. ചന്തക്കുന്നിൽ ചെരിപ്പുകട നടത്തുന്ന ഹൈദരലി പള്ളിയിലേക്ക് പോവുന്നതിനിടെ ആറ് മണിയോടെയാണ് റോഡിൽ വീണുകിടക്കുന്നയാളെ കാണുന്നത്. സമീപം താമസിക്കുന്ന നിലമ്പൂർ വനിത എസ്.ഐ ബംഗാളത്ത് റസിയയെ വിവരം അറിയിച്ചു. ഉടനെ ഇവർ പൊലീസിന് വിവരം നൽകി. 6.10ന് പൊലീസ് എത്തുേമ്പാഴേക്കും മരിച്ചിരുന്നു. അര മണിക്കൂറിലധികം പരിക്കേറ്റയാൾ റോഡിൽ ചോരവാർന്ന് കിടന്നു. കപ്പ വിൽക്കാൻ ചന്തക്കുന്നിലെത്തി തിരിച്ചുപോവുകയായിരുന്നു മാധവൻ നായർ. അകമ്പാടത്തുനിന്ന് റബർ ടാപ്പിങ്ങിനെത്തുന്ന പരിചയമുള്ളയാളുടെ ബൈക്കിൽ പോകാനാണ് ചന്തക്കുന്നിൽനിന്ന് വെളിയംതോടിലേക്ക് നടന്നുവന്നിരുന്നത്. ഇതിനിടെയാണ് ബൈക്കിടിച്ചത്. നിലമ്പൂർ സി.ഐയും നിലമ്പൂർ എസ്.ഐയും സ്ഥലത്തെത്തി സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ‍്യങ്ങൾ പരിശോധിക്കുകയായിരുന്നു. പള്ളിക്കുത്തിലെ കേബിൾ സർവിസ് ഉടമയാണ് മാധവൻ നായർ. മൃതദേഹം വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. മാധവിക്കുട്ടിയാണ് ഭാര്യ. മക്കൾ: ബൈജു, ബിജു. മരുമക്കൾ: ബീന, ശാശ്വതി. പടം:2 ബൈക്കപകടത്തിൽ മരിച്ച മാധവൻ നായർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.