റോഡുകളുടെ തകർച്ച വ്യാപകം; വാഹനഗതാഗതം വഴിമുട്ടുന്നു

ഒറ്റപ്പാലം: തകർന്ന് തരിപ്പണമായ മേഖലയിലെ റോഡുകളിൽ വാഹനഗതാഗതം വഴിമുട്ടുന്നു. ഗതാഗതക്കുരുക്ക് ശാപമായ ഒറ്റപ്പാലത്തെ സംസ്ഥാനപാതയിൽ ഉൾപ്പടെ കുഴികൾ രൂപപ്പെട്ട് കിടക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിന് ആക്കം കൂട്ടുന്നതോടൊപ്പം അപകടങ്ങൾക്കും ഇടയാക്കുന്നു. മഴ തുടരുന്നതിനാൽ അറ്റകുറ്റപ്പണികൾ നടത്താൻ സാധ്യമല്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പി​െൻറ റോഡ് വിഭാഗം. നഗരമധ്യത്തിൽ രാപ്പകൽ ഭേദമില്ലാതെ തിക്കിയും തിരക്കിയും എണ്ണിയാലൊടുങ്ങാത്ത വാഹനങ്ങൾ സഞ്ചരിക്കുന്ന നഗരസഭ ബസ് സ്റ്റാൻഡി​െൻറ പ്രവേശന കവാടത്തിലുള്ള പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയിൽ രൂപപ്പെട്ട ആഴക്കുഴികളിൽ മഴവെള്ളം നിറയുന്നതോടെ വഴിയും കുഴിയും തിരിച്ചറിയാതെ വാഹനങ്ങൾ അപകടങ്ങളിൽ ചെന്നുപെടുന്നത് വാഹനങ്ങളുടെ കേടുപാടുകൾക്കും ഇടയാക്കുന്നു. ലീഫ് മുറിയുന്നതുൾെപ്പടെ സാമ്പത്തികനഷ്ടം പതിവായതായി വാഹന ഉടമകൾ പറയുന്നു. മാസങ്ങളായി റെയിൽവേ സ്റ്റേഷൻ, കണ്ണിയംപുറം പ്രദേശങ്ങളിലെ പാതകൾ തകർന്നുകിടക്കുകയാണ്. സംസ്ഥാനപാതയെന്നോ പൊതുമരാമത്തി​െൻറ റോഡെന്നോ വ്യത്യാസമില്ലാതെ മേഖലയിലുടനീളം പാതകളുടെ തകർച്ച പൊതുവായി മാറിയിട്ടുണ്ട്. അവിചാരിതമായി പ്രത്യക്ഷപ്പെടുന്ന റോഡിലെ കുഴികൾ വെല്ലുവിളിയായി മാറിയെന്ന് ഡ്രൈവർമാർ പറയുന്നു. ഒറ്റപ്പാലം -ചെർപ്പുളശ്ശേരി റോഡിൽ അത്താണി, പനമണ്ണ പ്രദേശങ്ങളിൽ തകർന്ന പാതയുടെ അവസ്ഥ അതീവ ഗുരുതരമാണ്. പനമണ്ണയിലെ കുഴികളിൽ ആടിയുലഞ്ഞു നീന്തിക്കയറുകയാണ് വാഹനങ്ങൾ. വാണിയംകുളം -കോതകുറുശ്ശി പാതയുടെ അവസ്ഥയും സമാനമാണ്. അടിയന്തരമായി പാതയിലെ കുഴികളിൽ ഒരു 'ഓട്ട'യടപ്പിന് വേണ്ട നടപടിയെങ്കിലും അധികൃതർ കൈക്കൊള്ളണമെന്നതാണ് ജനങ്ങളുടെ ആവശ്യം. പടം: ഒറ്റപ്പാലം ബസ്സ്റ്റാൻഡിന് മുമ്പിൽ സംസ്ഥാനപാതയിൽ രൂപപ്പെട്ട കുഴി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.