തേച്ചുമിനുക്കൽ തുടങ്ങി; താലൂക്കാശുപത്രി തിളങ്ങും

മലപ്പുറം: കോട്ടപ്പടി താലൂക്കാശുപത്രിയുടെ പൊട്ടലും തുരുമ്പും നീക്കാൻ വിദ്യാർഥികൾ ശ്രമം തുടങ്ങി. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനായി നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെൽ നടപ്പാക്കുന്ന 'പുനർജനി' പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ ആശുപത്രിയിലെത്തിയത്. കോട്ടക്കൽ മലബാർ പോളിടെക്നിക് എൻ.എസ്.എസ് വിദ്യാർഥികളുടെ ക്യാമ്പിന് ബുധനാഴ്ച തുടക്കമായി. ഉപയോഗശൂന്യമായ സർക്കാർ ആശുപത്രിയിലെ വസ്തുക്കൾ യോഗ്യമാക്കുന്നതാണ് പദ്ധതി. കട്ടിൽ, മേശ, അലമാര, ഒാപറേഷൻ ടേബിൾ, നെബുലൈസറുകൾ, ബി.പി അപ്പാരറ്റസ്, ഡ്രിപ് സ്റ്റാൻറ്, ട്രോളി, വീൽചെയർ, വൈദ്യുതി-ജല വിതരണ സംവിധാനങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, കെട്ടിടങ്ങൾ എന്നിവ വിദ്യാർഥികൾ അറ്റകുറ്റപ്പണി നടത്തും. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ഉണ്ണികൃഷ്ണൻ, നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല, നഗരസഭാംഗം റജീന, ആശുപത്രി നേഴ്സിങ് സൂപ്രണ്ട് നളിനി എന്നിവർ സംസാരിച്ചു. കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ കെ.പി. സജിത്, ഫീൽഡ് അസി. തഫ്ഷീർ, വളൻറിയർ സെക്രട്ടറി മുഹസിൻ മുബാറക് എന്നിവർ നേതൃത്വം നൽകി. കോളജിലെ 44 എൻ.എസ്.എസ് വിദ്യാർഥികൾ ക്യാമ്പിലുണ്ട്. photo:
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.