വീരസ്​മരണകളുമായി പല്ലശ്ശനയിൽ ഒാണത്തല്ല്​

കൊല്ലങ്കോട്: വീരസ്മരണകൾ അയവിറക്കി പല്ലശ്ശനയിൽ ഓണത്തല്ലും അവിട്ടത്തല്ലും. തിരുവോണ ദിവസം വിവിധ സമുദായക്കാർ നടത്തിയ ഓണത്തല്ലിന് 17 ദേശങ്ങളിൽനിന്നായി മുന്നൂറിലധികം ദേശവാസികളാണ് വ്രതശുദ്ധിയോടെ ഭസ്മംതൊട്ട് കച്ചകെട്ടി തല്ലുമന്ദത്തിലെത്തിയത്. ചിറാക്കോട്, കാഞ്ഞിരപ്പറമ്പ്, മഠത്തിൽക്കളം, നിറാക്കോട്, ആലുംപറമ്പ് എന്നീ പ്രദേശങ്ങളിൽനിന്ന് ഏഴുകുടി വിഭാഗക്കാരും തുണ്ടപ്പറമ്പ്, ചാളക്കൽ, കളത്തിൽപുര, തൊഴുത്തുംപാടം, അണ്ണക്കോട്, മുറിക്കുളി, പയിറ്റുക്കാട്, തല്ലുമന്ദം എന്നീ പ്രദേശങ്ങളിൽനിന്ന് ഒരുകുടി ദേശക്കാരും ദേശക്ഷേത്രങ്ങളിൽനിന്ന് കാരണവന്മാരുടെ നേതൃത്വത്തിൽ ആർപ്പുവിളിയോടെ എത്തിയതോടെ ഓണത്തല്ലിന് തുടക്കമായി. സാമൂതിരിയുടെ സാമന്തനായ കുറൂർ നമ്പിടിയെ കുതിരവട്ടത്ത് നായർ ചതിച്ച് കൊലപ്പെടുത്തിയതിന് പ്രതികാരമായി നമ്പിടിയുടെ ദേശക്കാർ എത്തുന്നതാണ് ഓണത്തല്ലി‍​െൻറ ഐതിഹ്യം. കഴിഞ്ഞ വർഷങ്ങളേക്കാൾ കൂടുതൽ ആളുകളാണ് ഇത്തവണ കാണാനെത്തിയത്. ഒരുകുടിയിൽ തങ്കപ്പനും ഏഴുകുടിയിൽ കഴരിക്കൽ സുകുമാരപ്പണിക്കരുമാണ് പൊന്തിപിടിച്ചത്. ഇവരുടെ നേതൃത്വത്തിൽ സമപ്രായക്കാരെ നിർത്തിക്കൊണ്ടുള്ള ഓണത്തല്ല് രണ്ടുമണിക്കൂർ നീണ്ടു. വരിയോട്ടം, വള്ളിച്ചാട്ടം, നിരയോട്ടം എന്നിവക്ക് ശേഷം ഉപചാരത്തോടെ പിരിഞ്ഞുപോയതോടെ ഓണത്തല്ലിനു സമാപ്തിയായി. കുട്ടികൾ തമ്മിലെ ഓണത്തല്ലിനും വേദിയുണ്ടായിരുന്നു. പി.വി. സുരേഷ്, മാധവൻ, അപ്പായി, നാരായണൻ, ചാമി, കാശു, മാണിക്കൻ, കണികണ്ഠൻ, ഉണ്ണികൃഷ്ണൻ എന്നീ കാരണവന്മാരുടെ നേതൃത്വത്തിലാണ് ഓണത്തല്ല് നടന്നത്. അവിട്ട ദിവസം നടന്ന നായർ വിഭാഗത്തി​െൻറ അവിട്ടത്തല്ലിൽ നൂറ്റിയമ്പതിലധികം പേരാണ് പങ്കെടുത്തത്. പ്രായമേറെ ചെന്നവർ വരെ പങ്കാളികളായതോടെ വേട്ടക്കരുമൻ ക്ഷേത്ര സന്നിധി ആവേശത്തിലായി. കിഴക്കേമുറിക്കാർ പാലഞ്ചേരി വീട്ടിൽനിന്ന് ഭസ്മം തൊട്ട് പൂജ കഴിഞ്ഞാണ് വേട്ടക്കരുമൻ ക്ഷേത്ര സന്നിധിയിൽ എത്തിയത്. പാലത്തിരുത്തി വീട്ടിൽനിന്നാണ് പടിഞ്ഞാറെമുറിക്കാർ കച്ചകെട്ടിയെത്തിയത്. തുടർന്ന് ഇരുവിഭാഗത്തിലെയും സമപ്രായക്കാർ തമ്മിലുള്ള അവിട്ടത്തല്ലിനുശേഷം വരിയോട്ടവും നിരയോട്ടവും കഴിഞ്ഞ് ആർപ്പുവിളിയോടെ ഉപചാരം ചൊല്ലി ക്ഷേത്രക്കുളത്തിൽ ചാടി കുളിച്ച് തൊഴുതു മടങ്ങിയതോടെ അവിട്ടത്തല്ലും സമാപിച്ചു. ഓണത്തല്ലും അവിട്ടത്തല്ലും കാണാനായി അയൽ ജില്ലകളിൽനിന്നും തമിഴ്നാട്ടിൽനിന്നും നൂറുകണക്കിനാളുകളാണ് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.