മാലിന്യം തള്ളിയ ചാത്തല്ലൂർ ചീഞ്ഞുനാറുന്നു; സമീപവാസികൾ വീട് മാറുന്നു

എടവണ്ണ: മാലിന്യം തള്ളിയ ചാത്തല്ലൂർ ചീഞ്ഞുനാറുന്നു. സമീപവാസികൾ വീട് മാറി തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് ഒതായി പടിഞ്ഞാറെ ചാത്തല്ലൂരിലെ ജനവാസ കേന്ദ്രത്തിൽ കോഴിമാലിന്യം തള്ളിയത്. അഞ്ച് ലോഡ്‌ കോഴി അവശിഷ്ടങ്ങളാണ് നടുറോഡിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലുമായി തള്ളിയത്. തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ കത്തി വീശിയാണ് മാലിന്യം തള്ളാനെത്തിയവർ രക്ഷപ്പെട്ടത്. എന്നാൽ പിന്നീട് ഒറീസ ഫാല്‍ബാനി ജില്ലയിലെ രാജു ദിവാല്‍ (38), വടകര അയൂര്‍ മാടോളത്തില്‍ ആഷിഖ് (26) എന്നിവരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രധാന പ്രതികളായ എടവണ്ണ സ്വദേശിയെയടക്കം പിടികൂടാനായിട്ടില്ല. ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. പടിഞ്ഞാറെ ചാത്തല്ലൂര്‍ ഓടണ്ടപ്പാറ റോഡില്‍ ആദിവാസി കോളനിയിലേക്കുള്ള റോഡിലും മറ്റുമാണ് ലോഡ് കണക്കിന് മാലിന്യം തള്ളിയത്. തിങ്കളാഴ്ച പുലർച്ചെ തള്ളിയ മാലിന്യം വ്യാഴാഴ്ച രാത്രി വരെ നീക്കം ചെയ്തിട്ടില്ല. മൂന്ന് ലോഡ് സംഭവ ദിവസവും രണ്ട് ലോഡ് കഴിഞ്ഞ ദിവസവുമാണ് തിരിച്ച് കൊണ്ടുപോയത്. ഗ്രാമ പഞ്ചായത്തംഗം ഉമ്മുസൽമയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയക്കാരുമായി നടന്ന ചർച്ചയിലെ തീരുമാനപ്രകാരമാണ് മാലിന്യം തിരിച്ചു കൊണ്ടു പോയത്. ഒഴിച്ചാൽ ഭൂരിഭാഗം മാലിന്യവും തള്ളിയ സ്ഥലങ്ങളിൽ കിടന്ന് ചീഞ്ഞുനാറുകയാണ്. മഴ ശക്തമായതോടെ മാലിന്യം സമീപത്തെ ചെമ്പരത്യേങ്ങൽ ചോലയിലേക്കും കിണറുകളിലേക്കും ഒഴുകി എത്തുന്നതും ജനങ്ങളെ ദുരിതത്തിലാക്കി. മാലിന്യം തള്ളിയ സ്ഥലം ആരോഗ്യ വകുപ്പി​െൻറ കീഴിൽ ഡോക്ടറും ഹെൽത്ത് ഇൻസ്പെക്ടറും അടങ്ങിയ സംഘം സന്ദർശിച്ചിരുന്നു. അസഹ്യമായ ദുർഗന്ധം മൂലം സമീപത്തെ രണ്ടു വീട്ടുകാർ ബന്ധു വീട്ടിലാണ് കഴിയുന്നത്. പെരുന്നാളും ഓണവും വന്നതോടെ നാട്ടുകാർ ബന്ധുക്കളേയും സുഹൃത്തുക്കേളേയും വീട്ടിലേക്ക് ക്ഷണിക്കാൻ മടിക്കുകയാണ്. ഇതോടെ പ്രദേശത്ത് തെരുവുനായ് ശല്യവും വർധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.