മലപ്പുറം മേഖല പാസ്​പോർട്ട്​ ഒാഫിസ്​ മാറ്റം: നടപടികൾ തുടങ്ങി

മലപ്പുറം: മേഖല പാസ്പോർട്ട് ഒാഫിസ് അടച്ചുപൂട്ടി കോഴിക്കോട് ഒാഫിസിൽ ലയിപ്പിക്കാനുള്ള നടപടി തുടങ്ങി. നവംബർ 17നകം നടപടികൾ പൂർത്തീകരിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയ നിർദേശം. മലപ്പുറത്തെ ഒാഫിസിൽ സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുക്കൾ ഒക്ടോബർ അവസാനത്തോടെ കോഴിക്കോേട്ടക്ക് മാറ്റും. ഫർണിച്ചർ, കമ്പ്യൂട്ടറുകൾ, പാസ്പോർട്ട് ബൈൻഡിങ് മെഷീൻ, അനുബന്ധ വസ്തുക്കൾ എന്നിവയാണ് മുഖ്യമായും മാറ്റുക. മലപ്പുറത്ത് വാടക കെട്ടിടത്തിലാണ് പ്രവർത്തനം എന്നതിനാൽ മറ്റു വസ്തുക്കൾ കുറവാണ്. മുഴുവൻ പ്രവർത്തനങ്ങളും കമ്പ്യൂട്ടർവഴി ആയതിനാൽ പേപ്പർ ഫയലുകൾ ഇല്ല. ഇതിനാൽ അപേക്ഷകരുടെ വിവരങ്ങൾ കമ്പ്യൂട്ടറുകൾക്കൊപ്പമോ ഹാർഡ് ഡിസ്ക് വഴിയോ കൈമാറാനാകും. മലപ്പുറത്തെ 38 ജീവനക്കാരും കോഴിക്കോേട്ടക്ക് മാറും. ഒാഫിസ് മാറ്റത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തെഴുതുകയുമുണ്ടായി. സംഘടനകൾ മാർച്ചും പ്രതിഷേധവും നടത്തി. എങ്കിലും കേന്ദ്രം ഗൗരവത്തിലെടുത്തിട്ടില്ല. ജില്ലയിൽ രണ്ട് തപാൽ ഒാഫിസുകളിൽ പാസ്പോർട്ട് സേവാകേന്ദ്രം തുടങ്ങുമെന്ന് മാത്രമാണ് മറുപടി. ഇവ എവിടെയെന്നോ എന്ന് ആരംഭിക്കുമെന്നോ അറിയിപ്പുണ്ടായിട്ടില്ല. എന്നാൽ, മലപ്പുറം പാസ്പോർട്ട് ഒാഫിസർ ജി. ശിവകുമാറിന് നവംബർ 20ന് കോയമ്പത്തൂർ പാസ്പോർട്ട് ഒാഫിസ് ചുമതല ഏൽക്കാൻ ഉത്തരവിറങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.