നിഷ്​പക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ വീഴ്​ചപറ്റിയെന്ന്​ ലീഗ്​ വിലയിരുത്തൽ

കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റിൽ വിലയിരുത്തൽ. പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ നേടാനായെങ്കിലും പൊതു വോട്ടുകൾ വേണ്ടത്ര സമാഹരിക്കാൻ കഴിഞ്ഞില്ല. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ തങ്ങളാണ് മുന്നിലെന്ന കൊണ്ടുപിടിച്ച പ്രചാരണമായിരുന്നു മണ്ഡലത്തിൽ എൽ.ഡി.എഫ് നടത്തിയത്. ഇതിനെ കരുതലോടെ പ്രതിരോധിക്കാൻ സാധിച്ചെങ്കിലും നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കുന്നതിന് ഉൗർജസ്വലതയോടെയുള്ള പ്രചാരണ പ്രവർത്തനങ്ങളുണ്ടായില്ല. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതുണ്ട്. നിയോജക മണ്ഡലം കമ്മിറ്റിയും ജില്ല കമ്മിറ്റിയും ബൂത്തുതലത്തിലെ വോട്ടിങ് നില സൂക്ഷ്മമായി പരിശോധനക്ക് വിധേയമാക്കും. തുടർന്ന് ജില്ല കമ്മിറ്റി നൽകുന്ന റിപ്പോർട്ട് വിശദമായി ചർച്ചചെയ്യാനും സെക്രേട്ടറിയറ്റ് തീരുമാനിച്ചു. സ്ഥാനാർഥി നിർണയത്തിലുണ്ടായ അനിശ്ചിതത്വം പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഹൈദരലി തങ്ങളെ ഭീഷണിപ്പെടുത്തിയാണ് കെ.എൻ.എ. ഖാദർ സ്ഥാനാർഥിത്വം നേടിയെടുത്തതെന്നു വരെ പ്രചാരണമുണ്ടായി. ഇതൊക്കെ നിഷ്പക്ഷ വോട്ടർമാരെയും സ്വാധീനിച്ചിട്ടുണ്ടാകാം. നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വോട്ട് കുറയുന്നതു സംബന്ധിച്ച് ശക്തമായ പരിശോധന ആവശ്യമാണ്. നിലപാടുകളിൽ മാറ്റംവരുത്തേണ്ടതുണ്ടെങ്കിൽ അതും പരിശോധിക്കപ്പെടണമെന്നും അഭിപ്രായമുണ്ടായി. എസ്.ഡി.പി.െഎയുടെ തീവ്ര നിലപാടുകളോടെയുള്ള പ്രചാരണം ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് മറിയാൻ കാരണമായതായി ചിലർ ചൂണ്ടിക്കാട്ടി. ഹാദിയ കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാക്കിയപ്പോൾ വൈകാരികമായി ചിന്തിക്കുന്ന ചില പൊതു വോട്ടർമാർ എസ്.ഡി.പി.െഎയെ പിന്തുണച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ സുന്നി ഇ.കെ വിഭാഗം രംഗത്തുവന്നതിനെ പരോക്ഷമായി സൂചിപ്പിച്ച ചില നേതാക്കൾ എല്ലാ മുസ്ലിം സംഘടനകളോടും സമദൂര നിലപാടാണ് ലീഗിന് അഭികാമ്യമെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെന്ന പോലെ കാന്തപുരം വിഭാഗം ഇത്തവണയും എൽ.ഡി.എഫിനെയാണ് പിന്തുണച്ചതെന്നും യോഗം വിലയിരുത്തി. പ്രാദേശിക പാർട്ടി മെഷിനറി ശുഷ്കാന്തിയോടെ പ്രവർത്തിച്ചില്ലെന്നും വിമർശനമുണ്ടായി. എതിരാളികൾ സകല ശക്തിയും സംഭരിച്ച് ഗോദയിൽ ഇറങ്ങിയിട്ടും പരമ്പരാഗത ശൈലിയിലായിരുന്നു ചില പഞ്ചായത്ത് കമ്മിറ്റികളുടെ പ്രവർത്തനം. പ്രചാരണത്തി​െൻറ തുടക്കം മുതൽ ദൃശ്യമായ തണുപ്പ് മാറ്റാൻ നേതാക്കൾ ഒന്നടങ്കം രംഗത്തിറങ്ങിയിട്ടും സാധ്യമായില്ല. ഒടുവിൽ പ്രവർത്തകരെ ഇളക്കാൻ പാർട്ടി ലീഡർ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഖാദർ പരാജയപ്പെടുമെന്ന് മുന്നറിയിപ്പ് നൽകേണ്ടി വന്നുവെന്ന് ചർച്ചയിൽ പെങ്കടുത്തവർ ചൂണ്ടിക്കാട്ടി. പ്രവർത്തകരുടെ അമിത ആത്മവിശ്വാസമാണ് വിനയായത്. പഠിച്ചുവെച്ച സ്ഥിരം പ്രചാരണ ശൈലിയിലായിരുന്നു ബൂത്തുതലം മുതലുള്ള പ്രവർത്തനമെന്നും വിമർശനമുണ്ടായി. കോഴിക്കോട് ലീഗ് ഹൗസിൽ പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംഘടന തെരഞ്ഞെടുപ്പുകൾ സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു. ഡിസംബർ ആദ്യവാരം സംസ്ഥാന കമ്മിറ്റി നിലവിൽവരുന്ന വിധമാണ് സമയക്രമം ആസൂത്രണം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.