അർധരാത്രി ഒറ്റക്ക്​ പിഞ്ചുകുഞ്ഞ്​ ദേശീയപാതയിൽ; ജീവന്​ കാവലായി സിദ്ദീഖ്​

അർധരാത്രി ഒറ്റക്ക് പിഞ്ചുകുഞ്ഞ് ദേശീയപാതയിൽ; ജീവന് കാവലായി സിദ്ദീഖ് ചെങ്ങമനാട്: വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയിൽ അർധരാത്രി ഒറ്റക്ക് നടന്നുനീങ്ങിയ രണ്ടുവയസ്സുകാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. സമീപത്ത് ഹോട്ടൽ നടത്തുന്ന സിദ്ദീഖി​െൻറ സമയോചിത ഇടപെടലാണ് കുഞ്ഞി​െൻറ ജീവന് കാവലായത്. ദേശീയപാതയില്‍ നെടുമ്പാശ്ശേരിക്കടുത്ത് ദേശം പറമ്പയത്ത് ചൊവ്വാഴ്ച രാത്രി 11.20നായിരുന്നു സംഭവം. പറമ്പയം പാലത്തിന് താഴെ തരിശിട്ട ചതുപ്പുനിലത്തില്‍ കുടിൽ കെട്ടി താമസിക്കുന്ന ആലുവ പട്ടേരിപ്പുറം സ്വദേശിയായ കുമാറി​െൻറ ഇളയ കുഞ്ഞാണ് രക്ഷപ്പെട്ടത്. പറമ്പയം ദേശീയപാതയോരത്തെ കടവരാന്തയിലാണ് കുമാറും കുടുംബവും അന്തിയുറങ്ങാറ്. ചൊവ്വാഴ്ച രാത്രി കുമാര്‍ ഭാര്യയുമായി പിണങ്ങി ഇളയ കുഞ്ഞായ അപ്പുവിനൊപ്പം പാതയോരത്ത് ഉറങ്ങാനെത്തുകയായിരുന്നു. വിശന്ന് ഉറക്കത്തില്‍നിന്ന് ഉണര്‍ന്ന അപ്പു 150 മീറ്ററോളം കരഞ്ഞ് നടന്നെങ്കിലും കുമാര്‍ അറിഞ്ഞില്ല. രണ്ടുവയസ്സുകാരൻ വാഹനങ്ങള്‍ പായുന്ന റോഡരികിലേക്ക് എത്തുകയായിരുന്നു. ഈ സമയം റോഡരികിലുടെ ഉയരം കുറഞ്ഞ എന്തോ നടന്ന് നീങ്ങുന്നതുപോലെ മറുവശത്തെ സംസം ഹോട്ടല്‍ ഉടമ കെ.കെ. സിദ്ദീഖിന് തോന്നി. സൂക്ഷിച്ച് നോക്കിയപ്പോഴാണ് കുഞ്ഞാണെന്ന് മനസ്സിലായത്. അതോടെ സിദ്ദീഖും ജോലിക്കാരനും റോഡിലിറങ്ങി കൈകൾ ഉയര്‍ത്തി ഒച്ചവെച്ച് വാഹനങ്ങൾ നിർത്തിച്ചു. ആലുവ ഭാഗത്തേക്ക് പോയ ലോറിയിലെ ഡ്രൈവര്‍ കുട്ടിയെ എടുത്ത് ഹോട്ടലില്‍ എത്തിച്ചു. ഭക്ഷണം നല്‍കിയതോെട അപ്പു കരച്ചിൽ നിർത്തി. രാത്രി കുഞ്ഞ് റോഡ് മുറിച്ചുകടക്കുകയോ മുന്നിലെ വാഹനത്തെ മറികടന്ന് വരുകയോ ചെയ്തിരുെന്നങ്കില്‍ ദുരന്തം സംഭവിക്കുമായിരുന്നു. ചെങ്ങമനാട് സ്റ്റേഷനില്‍ അറിയിച്ചപ്രകാരം സീനിയര്‍ സിവിൽ പൊലീസ് ഓഫിസര്‍ ജോസഫ്, സിവിൽ പൊലീസ് ഓഫിസര്‍ അനില്‍രാജ് എന്നിവരെത്തി. എന്നാല്‍, സംഭവം നെടുമ്പാശ്ശേരി സ്റ്റേഷന്‍ പരിധിയിലായതിനാല്‍ എസ്.ഐ ടി.യു. അബ്ദുൽ റസാഖി​െൻറ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ്, ജിന്‍സണ്‍, സിനോജ് എന്നിവരെത്തിയാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. രക്ഷിതാക്കളെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിെട കുഞ്ഞിനെതേടി കുമാര്‍ പൊലീസിന് മുന്നിലെത്തി. കുമാറിെന കണ്ടതോടെ അപ്പു കൈനീട്ടി അടുത്തെത്തി. റോഡരികിലും പുഴയോരത്തുംമറ്റും സുരക്ഷിതമില്ലാതെ താമസിക്കുന്നതിനെതിരെ താക്കീത് നല്‍കിയാണ് കുഞ്ഞിനെ കുമാറിനൊപ്പം പൊലീസ് വിട്ടത്. സിദ്ദീഖി​െൻറ പ്രവൃത്തിയെ പൊലീസ് അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.