​േബപ്പൂർ ബോട്ടപകടം: തിരച്ചിൽ അവസാനിപ്പിച്ചു, കേസ്​ കൊച്ചിയിലേക്ക്​ മാറ്റി

േബപ്പൂർ: കപ്പലിടിച്ച് തകർന്ന ബോട്ടിലുണ്ടായിരുന്നവർക്കായി 72 മണിക്കൂര്‍ തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാവാത്ത സാഹചര്യത്തിൽ തിരച്ചില്‍ അവസാനിപ്പിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ബേപ്പൂര്‍ കോസ്റ്റൽ പൊലീസ് എടുത്ത കേസ്, കൊച്ചി കോസ്റ്റല്‍ പൊലീസിന് കൈമാറി. 12 നോട്ടിക്കല്‍ മൈലിന് അപ്പുറമുണ്ടാകുന്ന അപകടങ്ങളുടെ അന്വേഷണ ചുമതല കൊച്ചിയിലെ കോസ്റ്റല്‍ പൊലീസിനായതിനാലാണ് കേസ് കൈമാറിയത്. രക്ഷപ്പെട്ടവര്‍ വ്യക്തമായ സൂചന നല്‍കിയിട്ടും കപ്പല്‍ കണ്ടെത്താനാവാത്തത് ഗുരുതര വീഴ്ചയാണെന്ന് കന്യാകുമാരിയില്‍നിന്നെത്തിയ മത്സ്യത്തൊഴിലാളികളും കാണാതായവരുടെ ബന്ധുക്കളും പരാതിപ്പെട്ടു. ഇടിച്ച കപ്പലിനെക്കുറിച്ച് ഷിപ്പിങ് അതോറിറ്റിയോ നാവിക സേനയോ ഇതുവരെ ഒരു വിവരവും നൽകാത്തതിൽ കടലോര മേഖല വലിയ ആശങ്കയിലാണ്. ബോട്ട് ദുരന്തം: അവർ യാത്രയായി, തളർന്ന മനസ്സുമായി... ബേപ്പൂർ: കഴിഞ്ഞ ബുധനാഴ്ച രാത്രി കപ്പലിടിച്ചു തകർന്ന ഇമ്മാനുവൽ ബോട്ടിൽനിന്ന് കടലിൽ വീണ് കാണാതായവരുടെ ബന്ധുക്കൾ ചൊവ്വാഴ്ച നാട്ടിലേക്ക് യാത്രയായി. നെഞ്ച് തകർന്ന വേദനയും തളർന്ന ശരീരവുമായാണ് കോഴിക്കോടുനിന്ന് അവർ തീവണ്ടി കയറിയത്. അഞ്ചു ദിവസം ബേപ്പൂരിൽ തങ്ങിയപ്പോൾ മനംനിറയെ പ്രാർഥനയായിരുന്നു ബന്ധുക്കൾക്ക്. ജീവിതത്തിൽ ഇത്രത്തോളം വേദന അനുഭവിച്ചിട്ടില്ലെന്ന് മൂവരും പറയുന്നു. കാണാതായവരുടെ വീട്ടിലേക്ക് എങ്ങനെ കയറിച്ചെല്ലും, അവരുടെ മക്കളുടെ മുഖം എങ്ങനെയാണ് കാണുക എന്നീ വേവലാതിയിലാണിവർ. ഇനി പ്രതീക്ഷ കേന്ദ്ര–സംസ്ഥാന സർക്കാറുകളിൽ മാത്രമാണ്. എത്രയും പെട്ടെന്ന് കാണാതായവരെ കുറിച്ചുള്ള വിവരം ലഭിക്കുക, ഇടിച്ച കപ്പൽ ഏതെന്ന് കണ്ടുപിടിച്ച് നിയമനടപടികൾ എടുക്കുക, കുടുംബങ്ങൾക്ക് മതിയായ സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നിവയാണ് ആവശ്യം. ഈ അഞ്ചു ദിവസവും കൂടെ നിഴലായി നിന്ന ബേപ്പൂർ ഹാർബർ വികസന സമിതി പ്രസിഡൻറ് കരിച്ചാലി പ്രേമനോടും സഹായങ്ങൾചെയ്ത മറ്റനേകരോടുമുള്ള നന്ദി വലുതാണെന്ന് ഇവർ പറയുന്നു. തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക് (27), സേവ്യര്‍ (58) എന്നിവരെ ഗോവിന്ദം എന്ന മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡിന് കൈമാറുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ പ്രിന്‍സ്, ജോണ്‍സൻ, കന്യാകുമാരി ചിന്നതുറൈ സ്വദേശി രമ്യാസ് എന്നിവരെയാണ് ഇനിയും കണ്ടെത്താനാവാത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.