പ്രകടനമായി തുടങ്ങി; റോഡ് ഉപരോധമായി അവസാനിച്ചു

എടപ്പാള്‍: പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് എടപ്പാളില്‍ നടത്തിയ പ്രകടനം പിന്നീട് റോഡ് ഉപരോധമായി മാറി. നേതാക്കള്‍ പണിപ്പെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിച്ചതിനാല്‍ സംഘര്‍ഷാവസ്ഥ ഒഴിവായി. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് പ്രതിഷേധ പ്രകടനം നടന്നത്. നിരവധിപേർ പങ്കെടുത്ത പ്രകടനം പൊലീസ് സംഘം നിലയുറപ്പിച്ച തൃശൂര്‍ റോഡിലെത്തിയതോടെ പ്രവര്‍ത്തകര്‍ സേനക്കെതിരെ ശക്തമായ മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകര്‍ പൊലീസിന് നേരേ തിരിഞ്ഞതോടെ നേതാക്കള്‍ തടഞ്ഞു. ഇതോടെ താല്‍ക്കാലികമായി റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ താഴേയിട്ടു. അവിടെയും നേതാക്കള്‍ എത്തി പിന്തിരിപ്പിച്ചു. പിന്നീട് പൊന്നാനി റോഡില്‍നിന്ന് ജങ്ഷനിലേക്ക് പ്രകടനം എത്തിയതോടെ വാഹനങ്ങള്‍ തടഞ്ഞു തുടങ്ങി. അരമണിക്കൂറോളം വാഹനം തടഞ്ഞു. പിന്നീട് കോഴിക്കോട് റോഡിലേക്ക് കയറി അവിടെയും വാഹനങ്ങള്‍ തടഞ്ഞു. അപ്പോഴേക്കും കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ കടത്തി വിട്ടു. പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കിയതോടെയാണ് സംഘര്‍ഷാവസ്ഥക്ക് ശമനമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.