വെള്ളക്കെട്ട് ഒഴിയുന്നില്ല; കൃഷിയിറക്കാനാവാതെ വാഴക്കാട്ടെ കർഷകർ

വാഴക്കാട്: പാടശേഖരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൃഷിയിറക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് വാഴക്കാട്ടെ കർഷകർ. ഗ്രാമപഞ്ചായത്തിലെ എടശ്ശേരി, തിരുവാല്ലൂർ, മതിയംകല്ലിങ്ങൽ, വള്ളിക്കാട്, നൂഞ്ഞിക്കര, ചെറുവട്ടൂർ എന്നിവിടങ്ങളിലെ ഹെക്ടർ കണക്കിന് പാടങ്ങളിലാണ് വെള്ളക്കെട്ട് കാരണം കൃഷി ഇറക്കാനാവാത്തത്. വർഷത്തിൽ രണ്ടോ മൂന്നോ തവണ കൃഷി ഇറക്കുന്ന പാടങ്ങളിലിപ്പോൾ ഒരുതവണ മാത്രമാണ് കൃഷി ഇറക്കാനാവുന്നത്. ഇത് കർഷകർക്ക് കൂടുതൽ നഷ്ടം വരുത്തുന്നു. മാസങ്ങൾക്ക് മുമ്പ് കൃഷി ചെയ്ത വാഴകൾ വെള്ളക്കെട്ട് കാരണം നശിച്ചിട്ടുണ്ട്. കർഷകർ പലരും ബാങ്ക് വായ്പയെടുത്തും കൃഷി സ്ഥലങ്ങൾ പാട്ടത്തിനെടുത്തുമാണ് കൃഷി ഇറക്കിയിട്ടുള്ളത്. കന്ന് ഒന്നിന് 50 രൂപ ചെലവിട്ട് കൃഷി ചെയ്ത വാഴകളാണ് വെള്ളക്കെട്ട് കാരണം നശിച്ചത്. ഈയിനത്തിൽ തന്നെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. 2014 മുതൽ 2016 വരെയുള്ള നഷ് ടപരിഹാരത്തുക ഇതുവരെ ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. അതേസമയം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ അപേക്ഷ സമർപ്പിക്കാനോ ഒരു വർഷത്തോളമായി സ്ഥിരം കൃഷി ഓഫിസറില്ലാത്തതും കർഷകർക്ക് പ്രഹരമായി. നേരത്തെ ചെറുവട്ടൂർ വഴി കൽപള്ളിയിലേക്കും എടക്കടവ് വഴി ചാലിയാറിലേക്കും ഒഴുകിയിരുന്ന തോട് കാലക്രമേണ ഇല്ലാതായതാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണമെന്ന് കർഷകർ പറയുന്നു. കർഷകർ നേരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വില്ലേജ് ഓഫിസിലും പരാതി നൽകിയെങ്കിലും നടപടിയായില്ല. ചിത്രകുറിപ്പ് : വെള്ളക്കെട്ട് കാരണം നശിച്ച വാഴക്കാട്ടെ വാഴത്തോട്ടങ്ങളിലൊന്ന് 12-10-2017
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.