മുൻഗണന പട്ടികയിലിടം തരുമോ; പരാതിക്കെട്ട് നിറഞ്ഞ് താലൂക്ക് സപ്ലൈ ഓഫിസുകൾ

അരലക്ഷത്തിലധികം പരാതികൾ; പരിശോധന തുടരുന്നു മലപ്പുറം: പരാതികളിൽനിന്ന് മോചനമില്ലാതെ ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫിസുകൾ. പുതിയ കാർഡ് വന്നതോടെ തുടങ്ങിയ പരാതികൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർ പെടാപ്പാടിലാണ്. പൊന്നാനി, തിരൂർ, തിരൂരങ്ങാടി, നിലമ്പൂർ, ഏറനാട്, പെരിന്തൽമണ്ണ എന്നീ താലൂക്ക് സപ്ലൈ ഓഫിസുകൾക്ക് കീഴിലായി 57, 700 പരാതികളാണ് ലഭിച്ചത്. തിരൂർ താലൂക്ക് സപ്ലൈ ഓഫിസിന് കീഴിൽ 12,000 പരാതികൾ ലഭിച്ചു. ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് ഈ ഓഫിസ് പരിധിയിലാണ്. പെരിന്തൽമണ്ണ -11500, നിലമ്പൂർ -10000, പൊന്നാനി -9000, തിരൂരങ്ങാടി -8200, ഏറനാട് -7000 എന്നിങ്ങനെയാണ് പരാതികളുടെ കണക്ക്. അതേസമയം, എല്ലാ ഓഫിസുകളിലും ഒരേ പേരിൽ മൂന്ന് പരാതികൾ വരെ ലഭിച്ചിട്ടുണ്ട്. തിരൂർ ഓഫിസിൽ 50 ശതമാനവും ഇത്തരത്തിൽ ആവർത്തിച്ചതാണെന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പെരിന്തൽമണ്ണയിൽ മുമ്പ് മുൻഗണന പട്ടികയിൽനിന്ന് ഒഴിവാക്കിയ ആളുകളുടെ പരാതികൾ പരിശോധിച്ചെങ്കിലും ഭൂരിഭാഗവും അനർഹർ തന്നെയെന്ന് ബോധ്യപ്പെട്ടതായി താലൂക്ക് സപ്ലൈ ഓഫിസർ പറഞ്ഞു. നിലമ്പൂരിൽ 16 റേഷൻ കടകൾക്ക് കീഴിലെ പരാതികൾ പരിശോധിച്ചപ്പോൾ പലരും അർഹരാണെന്ന് കണ്ടെത്തി. എന്നാൽ, പഞ്ചായത്തിലും സപ്ലൈ ഓഫിസിലും ഒന്നിലധികം തവണ പരാതി നൽകിയതും പരിശോധനയിൽ വ്യക്തമായി. പഞ്ചായത്തിൽ ലഭിച്ച അപേക്ഷകൾ ഇനിയും താലൂക്ക് സപ്ലൈ ഓഫിസിന് കൈമാറാനുമുണ്ട്. നവംബർ 21നകം എല്ലാ പരാതികളും പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പൊന്നാനിയിൽ ഇതുവരെ പരിശോധിച്ചതിൽ 40 ശതമാനം പരാതികളും കഴമ്പില്ലാത്തതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തിരൂരങ്ങാടിയിൽ പരിശോധന കഴിഞ്ഞതിൽ 30 ശതമാനം പരാതികളിൽ യാഥാർഥ്യമില്ലെന്ന് കണ്ടത്തി. അതേസമയം, വ്യാജ മുൻഗണന കാർഡുകൾ ഏറക്കുറെ തിരിച്ചെത്തിയെങ്കിലും ബാക്കിയുള്ളവക്കായി എല്ലാ താലൂക്ക് സപ്ലൈ ഓഫിസുകൾക്ക് കീഴിലും പരിശോധന തുടരാനാണ് തീരുമാനം. വ്യാജന്മാരെ കണ്ടെത്തിയാൽ കടുത്ത നടപടിക്ക് ശിപാർശ ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.