നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ ദേവധാറിൽ കെയർ ഷെയർ -ഫെയർ പദ്ധതി

താനൂർ: കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ സർക്കാർ വിദ്യാലയമെന്ന ഖ്യാതി നേടിയ താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ ഇനി മുഴുവൻ കുട്ടികളും വിജയിച്ച സ്കൂൾ എന്ന പ്രശസ്തിയിലേക്കുയരാനുള്ള ശ്രമത്തിൽ. ഇതിനായി മുൻവർഷങ്ങളിൽ നടപ്പാക്കിയ പരിപാടികളിൽ കാലോചിതവും ശാസ്ത്രിയവുമായ മാറ്റങ്ങൾ ഉൾപ്പെടുത്തി നൂതന പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. പാഠഭാഗങ്ങൾ യഥാസമയം പൂർത്തിയാക്കുക ലക്ഷ്യമാക്കി എല്ലാ ദിവസവും വൈകീട്ട് നാലുമുതൽ അഞ്ചുവരെ പ്രേത്യക ക്ലാസുകൾക്ക് ഈ അധ്യയനവർഷാരംഭത്തിൽതന്നെ തുടക്കമിട്ടിരുന്നു. മിസ് ടേം പാദവാർഷിക പരീക്ഷകളടെ അടിസ്ഥാനത്തിൽ ഓരോ വിഷയത്തിലെയും കുട്ടികളുടെ പ്രകടനം വിലയിരുത്തി അർധവാർഷിക പരീക്ഷക്ക് മുമ്പ് ഡിവിഷൻ തുടങ്ങാനാണ് പദ്ധതി. ഒാരോ വിഷയത്തിലും പിന്നാക്കം നിൽക്കുന്നവർക്കും മുന്നാക്കം നിൽക്കുന്നവർക്കും പ്രത്യേകം റിവിഷൻ പരിശീലനം നൽകുന്നതാണ് കെയർ -ഷെയർ -ഫെയർ പദ്ധതി. ഓരോ വിഷയത്തിലും പരാജയപ്പെട്ടവരെ പ്രത്യേകം 'കെയർ' ഗ്രൂപ്പുകളാക്കി കഴിഞ്ഞ പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിൽ പരിഹാരബോധനം നൽകും. ഇവരെ അർധവാർഷിക പരീക്ഷയിൽതന്നെ ഡി പ്ലസ് ഗ്രേഡെങ്കിലും ലഭിച്ച് വിജയിപ്പിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം ഓരോ ക്ലാസിലും ഓരോ വിഷയത്തിനും വിജയിച്ചവർക്ക് നിലവിൽ ലഭിച്ച ഗ്രേഡ് ഉയർത്താനുള്ള ശ്രമം നടക്കും. 'െഷയർ' ഗ്രൂപ്പിൽപ്പെട്ട ഇവരെ ഗ്രൂപ്പുകളാക്കി തിരിച്ച് പാഠഭാഗങ്ങളുടെ ആവർത്തനം നടക്കും. പരീക്ഷ കേന്ദ്രീകൃതമായി നടത്തുന്ന രീതിയിലാണ് മൊഡ്യൂളുകൾ തയാറാക്കിയിട്ടുള്ളത്. കഴിഞ്ഞ പരീക്ഷകളിൽ എ, എ പ്ലസ് ഗ്രേഡുകൾ നേടിയവർക്ക് വരുന്ന പൊതുപരീക്ഷയിൽ എ പ്ലസ് ഗ്രേഡ് ഉറപ്പാക്കാൻ പ്രേത്യക പരിശീലനം നൽകും. ഫെയർ എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പിലുള്ളവർക്ക് വിവിധ സാധ്യതകളിലുള്ള ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പരീക്ഷാധിഷ്ഠിത രീതിയിലായിരിക്കും ക്ലാസുകൾ കൈകാര്യം ചെയ്യുക. ജില്ല പഞ്ചായത്ത് പദ്ധതിയായ വിജയഭേരിയുടെ ഭാഗമായാണ് സ്കൂൾ വിജയഭേരി ടീം ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തത്. കഴിഞ്ഞദിവസം ഒാരോ ക്ലാസിലും പി.ടി.എ ചേർന്ന് പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. രക്ഷിതാക്കളിൽനിന്ന് പൂർണ സഹകരണമാണ് ലഭിച്ചതെന്ന് പ്രധാനാധ്യാപിക കെ. ദാക്ഷായണി ടീച്ചർ പറഞ്ഞു. താനൂർ നിയോജക മണ്ഡലത്തിൽനിന്ന് അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനുള്ള സർക്കാർ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാലയമാണ് ദേവധാർ സ്കൂൾ. സ്കൂളി​െൻറ സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാറിന് സമർപ്പിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതോടൊപ്പം അക്കാദമിക നിലവാരവും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്കൂൾ പി.ടി.എ, എസ്.എം.സി, മാതൃസമിതി തുടങ്ങിയവയുടെ പൂർണ പിന്തുണയും പദ്ധതികൾക്കുണ്ട്. വിജയഭേരി കോ-ഓഡിനേറ്റർമാരായ ടി. ഷീബ, ബി. ജിബിന, റിസോഴ്സ് ഗ്രൂപ് കൺവീനർ പി. ബിന്ദു, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി.കെ. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പദ്ധതിക്ക് രൂപം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.