ജലദുരന്തം തടയാൻ നടപടിയെടുക്കാൻ സബ് ഡിവിഷനൽ മജിസ്​േട്രറ്റ്​ ഉത്തരവ്

കുറ്റിപ്പുറം: തിരൂർ പൊന്നാനി താലൂക്കുകളിലെ കുളിക്കടവുകളിലും മറ്റ് ജലാശയങ്ങളിലും അടിക്കടിയുണ്ടാകുന്ന ജല ദുരന്തങ്ങൾ തടയാൻ തിരൂർ സബ്ഡിവിഷനൽ മജിസ്േട്രറ്റും ആർ.ടി.ഒയുമായ ടി.വി. സുഭാഷ് പഞ്ചായത്ത് സെക്രട്ടറിമാർ, പൊലീസ് എന്നിവർക്ക് കർശന നിർദേശം നൽകി. കഴിഞ്ഞമാസം 25ന് തവനൂർ വെള്ളാഞ്ചേരി കടവിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ വിദ്യാർഥി സംഘത്തിലെ രണ്ട്പേർ മരിക്കാനിടയായ സാഹചര്യത്തിലാണ് ആർ.ടി.ഒ സ്വമേധയ കേസെടുത്ത് സുരക്ഷയൊരുക്കാൻ ഉത്തരവിറക്കിയത്. കുറ്റിപ്പുറം, ചെമ്പിക്കൽ, തവനൂർ, തിരൂർ എന്നിവിടങ്ങളിലായി ഭാരതപ്പുഴയിലും വെള്ളക്കെട്ടുകളിലുമായി നിരവധി ജീവനുകളാണ് കവർന്നത്. പുഴകളുടെ കടവുകളിൽ സുരക്ഷഭിത്തികളോ സൂചന ബോർഡുകളോ സ്ഥാപിക്കാനുള്ള മുറവിളികൾ കേൾക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. കുറ്റിപ്പുറം പാലത്തിന് സമീപം കഴിഞ്ഞ വർഷങ്ങളിലായി അയ്യപ്പഭക്തരും വിനോദയാത്ര സംഘങ്ങളുമുൾപ്പെടെ 25ഓളം പേർ മുങ്ങിമരിച്ചിട്ടുണ്ട്. കുറ്റിപ്പുറം, തിരുനാവായ, തവനൂർ, കാലടി, ത്രിപ്രങ്ങോട്, പുറത്തൂർ, പൊന്നാനി മുനിസിപ്പാലിറ്റി സെക്രട്ടറിമാർ, കുറ്റിപ്പുറം, പൊന്നാനി, തിരൂർ പൊലീസ് സബ്ഇൻസ്പെക്ടർമാർ എന്നിവർക്കാണ് അപകടങ്ങളൊഴിവാക്കാൻ സുരക്ഷ മതിലുകൾ, സുരക്ഷിതമായ കുളിക്കടവുകൾ, മുന്നറിയിപ്പ് ബോർഡുകൾ, മറ്റ് സുരക്ഷ ക്രമീകരണങ്ങൾ എന്നിവ അടിയന്തരമായി ഒരുക്കാനും പുഴയിൽ അംഗീകാരമില്ലാത്ത യാനങ്ങൾ, അനധികൃതമായ മനുഷ്യസഞ്ചാരം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയാനും ഉത്തരവിലൂടെ നിർദേശിച്ചത്. ഉത്തരവ് സ്ഥിരപ്പെടുത്താതിരിക്കാൻ ബോധിപ്പിക്കാനുണ്ടെങ്കിൽ 25ന് വൈകീട്ട് മൂന്നിന് നേരിട്ടോ വക്കീൽ മുഖേനയോ ഹാജരാകണമെന്നാണ് നിർദേശം. എന്നാൽ നേരത്തെയും ആർ.ഡി.ഒ.മാർ സമാന ഉത്തരവുകൾ നൽകിയിട്ടും പഞ്ചായത്ത് അധികൃതർ വേണ്ടത്ര പരിഗണന നൽകിയിട്ടില്ലെന്ന് ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.