ജി.എസ്.ടി വ്യവസ്ഥകൾ: നിർമാണ കരാറുകാർ പിൻവാങ്ങുന്നു

ഒറ്റപ്പാലം: ചരക്ക് സേവനനികുതി സംബന്ധിച്ച് നിലനിൽക്കുന്ന വ്യവസ്ഥകൾ നിർമാണ പ്രവൃത്തികളിൽനിന്നും സർക്കാർ അംഗീകൃത കരാറുകാരെ പിന്തിരിപ്പിക്കുന്നു. നിലവിലെ ഉയർന്ന നികുതി വ്യവസ്ഥ കാരണം ഏറ്റെടുക്കുന്ന പ്രവൃത്തികൾ വൻ നഷ്ടത്തിലാക്കുമെന്നാണ് കരാറുകാരുടെ നിലപാട്. ഈ സാഹചര്യം നിലനിൽക്കെ ഒറ്റപ്പാലം നഗരസഭയിൽ അടിയന്തരമായി നടത്തേണ്ട 28 കരാറുകൾ ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം ആരുമെത്തിയില്ല. അംഗീകൃത കരാറുകാരുടെ സംയുക്ത സമരസമിതി കരാറുകൾ ബഹിഷ്‌കരിക്കുന്നതായി അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. ജി.എസ്.ടി നിലവിൽ വരുന്നതിനു മുമ്പ് നാലു ശതമാനം നികുതിയാണ് അടക്കേണ്ടിയിരുന്നത്. ചരക്കുസേവന നികുതി പ്രാബല്യത്തിലായതോടെ പ്രഖ്യാപനം വന്നത് 18 ശതമാനം എന്നാണ്. സർക്കാർ ഇടപെടലിനെത്തുടർന്ന് ഇത് 12 ആയി കുറച്ചതോടെ കരാറുകാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. എന്നാൽ, 12 ശതമാനം നികുതി വ്യവസ്ഥയിലും നിർമാണപ്രവൃത്തികൾ ഏറ്റെടുത്തു നടത്തിയാൽ നഷ്ടം സംഭവിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ ദിവസത്തെ ബഹിഷ്‌കരണം. കരാറുകാർ പിൻവാങ്ങിയതോടെ വിദ്യാലങ്ങളിലെ കെട്ടിടങ്ങൾ, സംരക്ഷണ ഭിത്തി, റോഡ്, ഖരമാലിന്യ സംസ്കരണ പ്ലാൻറിലെ അറ്റകുറ്റപ്പണികൾ, ആശുപത്രികളിലെ കുഴൽക്കിണർ തുടങ്ങിയ ഒട്ടേറെ പ്രവൃത്തികളാണ് തൽക്കാലത്തേക്കെങ്കിലും സ്തംഭനാവസ്ഥയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.