റോഡ് കാടുപിടിച്ചു; സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കണമെന്ന് നാട്ടുകാർ

------തച്ചനാട്ടുകര: പൂവത്താണി റോഡിൽനിന്ന് കരിങ്കല്ലത്താണി വിജയബാങ്ക് പരിസരത്തേക്കുള്ള റോഡ് ഇരുവശവും കാട് പിടിച്ചു. വിജനമായ റോഡിൽ കാലങ്ങളായി തുടരുന്ന സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം പ്രദേശവാസികളെ വലക്കുന്നു. പെൺകുട്ടികൾക്ക് നേരെയുള്ള ൈകയേറ്റം, അനാശാസ്യ പ്രവർത്തനം, മദ്യം -കഞ്ചാവ് ഉപയോഗം എന്നിവ ഇവിടെ നിർബാധം തുടരുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഒരു വർഷം മുമ്പ് കാറിലും ബൈക്കിലുമെത്തിയ നാലംഗ സംഘം വിദ്യാർഥിയെ കാറിൽ കയറ്റിക്കൊണ്ടുപോയിരുന്നു. സമാന രീതിയിൽ പല തവണ പെൺകുട്ടികൾക്ക് നേരെ ൈകയേറ്റമുണ്ടായിരുെന്നങ്കിലും പരാതി നൽകാൻ ആരും മുതിരാറില്ലെന്ന് നാട്ടുകാർ പറയുന്നു. പട്ടാപകൽപോലും ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ അപരിചിതരായ യുവാക്കളും വിദ്യാർഥികളും ഇവിടെ വരുന്നുണ്ട്. ഭീതി കാരണം രക്ഷിതാക്കൾ പെൺകുട്ടികളെ ഇതുവഴി തനിച്ചു വിടാൻ ഭയക്കുകയാണ്. നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളിക്കൊടുവിൽ നാട്ടുകൽ പൊലീസ് ഇവിടെ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡ് പോലും അക്രമികൾ നശിപ്പിച്ചു. ആലിപ്പറമ്പ്, തൂത, ചെത്തല്ലൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മണ്ണാർക്കാട് റോഡിലെത്താനുള്ള വഴിയാണിത്. ഇരുവശത്തുമുള്ള ഇടതൂർന്ന കാടാണ് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് കാരണം. മാത്രമല്ല ഈ റോഡി​െൻറ അവസ്ഥ വളരെ മോശമായതിനാൽ ഇതുവഴി ഗതാഗതവും ആൾപ്പെരുമാറ്റവും കുറവായതും അക്രമികൾക്ക് അനുകൂലമാവുകയാണ്. ഗവ. എൽ.പി സ്കൂൾ, കരിങ്കല്ലത്താണി ഈസ്റ്റ്, പൊതിയിൽകുണ്ട്, വെള്ളക്കുന്ന്, കറുത്തംചോലക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർഥികൾക്കും മറ്റും കരിങ്കല്ലത്താണിയെത്താനുള്ള എളുപ്പ വഴിയാണിത്. റോഡ് പണിക്ക് തുക വകയിരുത്തിയതായി പറയുന്നുണ്ടെങ്കിലും നാളിതുവരെയും പണി നടന്നിട്ടില്ല. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നുമുണ്ട്. സാമൂഹികവിരുദ്ധരെ നിയന്ത്രിക്കാൻ ഇവിടെ സി.സി.ടി.വി കാമറയും തെരുവു വിളക്കും സ്ഥാപിക്കണമെന്നും റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് കരിങ്കല്ലത്താണി ഈസ്റ്റ് ജാഗ്രതസമിതി തച്ചനാട്ടുകര പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.