ഡോക്ടർക്കും മകനുമെതിരായ ബലാത്സംഗ കേസ്: പൊലീസ് നീക്കം കരുതലോടെ

പാലക്കാട്: ബലാത്സംഗ കേസിൽ പ്രതിയായ വയോധികനായ ഹോമിയോ ഡോക്ടർക്കും മകനും എതിരായ അന്വേഷണം കരുതലോടെ. ചെറിയ പാളിച്ചപോലും കേസി‍​െൻറ നിലനിൽപ്പിനെ ബാധിക്കുമെന്ന നിലപാടിലാണ് പൊലീസ്. സ്വന്തം വീട്ടിൽനിന്ന് സ്വർണം കവർന്നുവെന്ന കഥ ഡോക്ടർമാർ മെനഞ്ഞത് ബലാത്സംഗം മറക്കാനാണെന്നതിന് ഇതിനകം തെളിവ് ലഭിച്ചിട്ടുണ്ടെങ്കിലും തിരക്ക് പിടിച്ച് അറസ്റ്റ് വേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്. നഗരത്തിലെ ഹോമിയോ ഡോക്ടർമാരായ പി.ജി. മേനോൻ (93), മകൻ ഡോ. കൃഷ്ണമോഹൻ (56) എന്നിവരാണ് കവർച്ച കഥ മെനഞ്ഞ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ വേലക്കാരിയെ ഇരുവരും ബലാത്സംഗം ചെയ്ത സംഭവം മറക്കാനാണ് പരാതിയെന്ന് കണ്ടെത്തിയത്. എന്നാൽ, ഇപ്പോഴും ഡോക്ടർ മോഷണക്കേസിലെ പരാതിക്കാരനാണ്. പെട്ടെന്നുള്ള അറസ്റ്റ് കേസിനെ തന്നെ ബാധിച്ചേക്കും. ഡോക്ടറും മകനും തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന കാര്യം മോഷണ പരാതി അന്വേഷണത്തി‍​െൻറ ആദ്യഘട്ടത്തിൽതന്നെ ജോലിക്ക് നിന്ന സ്ത്രീ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ, പഴുതുകളടക്കാൻ പരമാവധി തെളിവുകൾ ശേഖരിച്ച ശേഷമാണ് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്. പൊലീസ് കേസെടുത്തതോടെ പ്രശ്നം ഒത്തുതീർക്കാൻ ശ്രമവും തകൃതിയായി നടക്കുന്നുണ്ട്. പരാതിക്കാരിയായ സ്ത്രീയെ പണം നൽകി സ്വാധീനിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. എന്നാൽ, പരാതിക്കാരി ഇവരുടെ വാഗ്ദാനം നിരസിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വ്യാജ പരാതി നൽകി തന്നെ മോഷ്ടാവായി ചിത്രീകരിച്ച ഡോക്ടറോടും മകനോടും ഒത്തുതീർപ്പ് വേണ്ട എന്ന നിലപാടിലാണത്രെ പരാതിക്കാരി. തങ്ങൾ നൽകിയ വ്യാജ മോഷണ പരാതി തിരിച്ച് കൊത്തുമെന്ന് മനസ്സിലാക്കിയ ഡോക്ടറും മകനും ഒളിവിലാണ്. ഡോ. പി.ജി. മേനോൻ പ്രാക്ടീസ് ചെയ്യുന്ന സുൽത്താൻ പേട്ടയിലെ ഹോമിയോ ക്ലിനിക്ക് രണ്ട് ദിവസമായി തുറന്നിട്ടില്ല. ഇവർക്കായുള്ള അന്വേഷണം അയൽജില്ലകളിലേക്കും കോയമ്പത്തൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പരാതിക്കാരിയായ സ്ത്രീയുടെ ദുരവസ്ഥയെ ഇരുവരും ചേർന്ന് ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരിയെ സ്വാധീനിച്ച് മൊഴിമാറ്റാനുള്ള ശ്രമം ഡോക്ടറുടെയും മക​െൻറയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് പൊലീസ് പരാതിക്കാരിയെ തിങ്കളാഴ്ച രാത്രി തന്നെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.