സപ്ലൈകോ നെല്ലുസംഭരണം തുടങ്ങി, ആദ്യദിനം സംഭരിച്ചത് 30 ടൺ

കുഴൽമന്ദം: സപ്ലൈകോക്ക് വേണ്ടിയുള്ള നെല്ലുസംഭരണം ജില്ലയിൽ ചൊവ്വാഴ്ച ആരംഭിച്ചു. ആദ്യദിനത്തിൽ 30 ടണ്ണാണ് സംഭരിച്ചത്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന പാഡിക്കോ മാത്രമാണ് ആദ്യദിനത്തിൽ നെല്ല് സംഭരിച്ചത്. ജില്ലയിൽനിന്ന് സംഭരിക്കുമെന്ന് പറഞ്ഞ മറ്റ് മൂന്ന് മില്ലുകൾ ആദ്യദിനത്തിൽ നെല്ലെടുക്കാൻ എത്താഞ്ഞത് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന മില്ലുടമകളുടെ സംഘടന തീരുമാനത്തെ മറികടന്നാണ് കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ള മൂന്ന് സ്വകാര്യമില്ലുകൾ ജില്ലയിലെ നെല്ല് സംഭരിക്കാൻ മുന്നോട്ടുവന്നത്. ഇവയാണ് ആദ്യദിനത്തിൽ സംഭരണത്തിനായി എത്താഞ്ഞത്. കൊടുമ്പിൽനിന്നാണ് പാലക്കാട്ടെ നെല്ല് സംഭരണം ആരംഭിച്ചത്. ജില്ലയിൽ കൊയ്ത്ത് തുടങ്ങി ഒരുമാസം പിന്നിട്ടു. പകുതിയിലേറെ പാടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും താങ്ങുവിലയിൽ നെല്ലുസംഭരണം തുടങ്ങാൻ കഴിയാത്തത് സർക്കാറി​െൻറ വീഴ്ചയാെണന്ന ആരോപണം പല കർഷക സംഘടനകളും ഉന്നയിച്ചിട്ടുണ്ട്. സംഭരണത്തിന് കാലതാമസം വന്നതോടെ കർഷകർ പലരും സ്വകാര്യമില്ലുകൾക്ക് തുച്ഛവിലയ്ക്ക് നെല്ലളക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. എന്നാൽ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബുധനാഴ്ച മില്ലുടമകളുമായി ചർച്ച നടത്തുന്നുണ്ട്. ആ ചർച്ചയിൽ തർക്കം പരിഹരിക്കാനാകുമെന്ന പ്രത്യാശയിലാണ് കർഷകരും ഉദ്യോഗസ്ഥരും. 33,000 ഹെക്ടറിലാണ് ജില്ലയിൽ ഒന്നാംവിള കൃഷിയിറക്കിയിട്ടുള്ളത്. ഏകദേശം ഒരുലക്ഷം ടൺ നെല്ലാണ് സപ്ലൈകോ കർഷരിൽനിന്ന് സംഭരിക്കാൻ ലക്ഷ്യമിടുന്നത്. എന്നാൽ, നാല് മില്ലുകളെ ഉപയോഗപ്പെടുത്തി സംഭരണം സമയബന്ധിതമായി നടപ്പാക്കാൻ കഴിയുമോ ആശങ്കയാണുള്ളത്. ഒരു കിലോ നെല്ലിന് 23.30 രൂപയാണ് സർക്കാറി​െൻറ താങ്ങുവില. സംഭരിക്കുന്ന നെല്ല് അരിയാക്കി സപ്ലൈകോ ഗോഡൗണിൽ എത്തിക്കണമെന്ന സർക്കാറി‍​െൻറ നിർദേശമാണ് മില്ലുകാർ സമ്മതിക്കാത്തത്. കുഴൽമന്ദം: സപ്ലൈകോക്ക് വേണ്ടിയുള്ള നെല്ലുസംഭരണം കൊടുമ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈലജ ഉദ്ഘാടനം ചെയ്തു. പാഡികോ സെക്രട്ടറി പി.എസ്. ജീവൻ അധ്യക്ഷത വഹിച്ചു. പാഡികോ വൈസ് പ്രസിഡൻറ് കൃഷ്ണൻ, പാടശേഖര സമിതി സെക്രട്ടറി മുത്തുകൃഷ്ണൻ എന്നിവർ സംസാരിച്ചു. 30 ടൺ നെല്ലാണ് ആദ്യദിനത്തിൽ പാഡികോ സംഭരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.