ഗാന്ധിയെയും ഗൗരിയെയും കൊന്നത് ഒരേ വേട്ടക്കാർ –പി.കെ. കുഞ്ഞാലിക്കുട്ടി

യൂത്ത് ലീഗ് ദേശീയ കാമ്പയിനിന് ബംഗളൂരുവിൽ തുടക്കം ബംഗളൂരു: ഗാന്ധി വധം മുതൽ ഗൗരി ലങ്കേഷ് വധം വരെയുള്ള ഫാഷിസ്റ്റ് കടന്നാക്രമണങ്ങൾക്കു പിന്നിൽ ഒരേ വേട്ടക്കാരാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. 'ഗാന്ധി മുതൽ ഗൗരി വരെ' എന്ന തലക്കെട്ടിൽ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ദേശീയ കാമ്പയിൻ ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധി പിറന്ന നാടെന്ന് പ്രശസ്തമായ ഗുജറാത്ത് നരേന്ദ്ര മോദിയുടെ നാടെന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. എന്നാൽ, മോദി യാത്ര ആരംഭിച്ച അതേ ഗുജറാത്തിൽ ഇന്ന് വർഗീയ ഫാഷിസത്തിന് കാലിടറുന്നത് ശുഭകരമായ കാഴ്ചയാണ്. നോട്ടുനിരോധനം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് ബി.ജെ.പി നേതാക്കൾപോലും പറയുന്നു. രാജ്യത്ത് ഭരണസംവിധാനം പ്രവർത്തിക്കുന്നില്ല. ഏകാധിപത്യ ഭരണമാണ് മോദി നടത്തുന്നതെന്നും ഒറ്റയാൾ ഭരണം ഒരിക്കലും നീണ്ടുപോയ ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ കർണാടകയിൽ വർഗീയശക്തികളുടെ തിരിച്ചുവരവിന് അവസരം നൽകരുത്. മതേതര ഭരണകൂടത്തിന് കർണാടകയിൽ തുടർച്ചയുണ്ടാകുമെന്ന് ഉറപ്പാക്കാൻ മതേതര വിശ്വാസികൾ രംഗത്തിറങ്ങണം. ബി.ജെ.പിക്ക് നിലനിൽക്കാൻ വർഗീയ പ്രവർത്തനങ്ങൾ വേണം. ഇതിനെ ജനങ്ങൾക്കുമുന്നിൽ തുറന്നുകാണിക്കുകയാണ് ഇത്തരം കാമ്പയിൻകൊണ്ട് ഉദ്ദേശിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. യൂത്ത് ലീഗ് ദേശീയ പ്രസിഡൻറ് സാബിർ എസ്. ഗഫാർ അധ്യക്ഷത വഹിച്ചു. പ്രശസ്ത കോളമിസ്റ്റ് രാം പുനിയാനി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡൻറ് ദസ്തഗീർ ആഗ, സെക്രട്ടറി സിറാജ് ഇബ്രാഹീം സേട്ട്, മുസ്ലിം ലീഗ് കർണാടക സംസ്ഥാന കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ മൗലാന മുഹമ്മദലി, യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ അഡ്വ. ഫൈസൽ ബാബു, ഉമർ ഇനാംദാർ, നസ്റുല്ല ഖാൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.കെ. സുബൈർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.