ഇന്നുമുതൽ ജൈവമാലിന്യം ശേഖരിക്കില്ല; പദ്ധതി അവലോകനം 30ന് ^റസിഡൻറ്സ് അസോ.

ഇന്നുമുതൽ ജൈവമാലിന്യം ശേഖരിക്കില്ല; പദ്ധതി അവലോകനം 30ന് -റസിഡൻറ്സ് അസോ. പാലക്കാട്: തിങ്കളാഴ്ച മുതൽ പാലക്കാട് നഗരസഭ വീടുകളിൽനിന്ന് ജൈവമാലിന്യം ശേഖരിക്കുന്നത് പൂർണമായും നിർത്തലാക്കുന്ന സാഹചര്യത്തിൽ പദ്ധതിയുടെ ഫലമറിയാൻ ഒരുമാസം കാത്തിരിക്കുമെന്ന് റസിഡൻറ്സ് അസോസിയേഷനുകൾ. ഉറവിട മാലിന്യ സംസ്കരണ പദ്ധതി വിജയമാണോ പരാജയമാണോ എന്ന് വിലയിരുത്താൻ ഒക്ടോബർ 30ന് യോഗം ചേരുമെന്ന് നഗരത്തിലെ പ്രധാന റസിഡൻറ്സ് അസോസിയേഷനായ ഫ്രാപ് പ്രസിഡൻറ് ചന്ദ്രൻ പറഞ്ഞു. നഗരത്തെ സമ്പൂർണ മാലിന്യമുക്തമാക്കുക എന്ന സദുദ്ദേശ്യത്തോടെ തുടങ്ങിയ പദ്ധതിയായതിനാൽ കണ്ണടച്ച് എതിർക്കില്ല. എന്നാൽ, നിലവിൽ നഗരസഭ ഒരുക്കിയ സൗകര്യങ്ങൾ പദ്ധതി നടത്തിപ്പിന് ഫലപ്രദമാണോ എന്നറിയാൻ ഒരു മാസം വരെയെങ്കിലും കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ പരിധിക്കുള്ളിലെ പകുതി വീടുകളിൽ പോലും ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഒരുക്കിയിട്ടില്ല. പുറമെ, ഫ്ലാറ്റുകളിലും രണ്ട് സ​െൻറ് ഭൂമിയിൽ താമസിക്കുന്നവർക്കും ഉറവിട മാലിന്യ സംസ്കരണ സംവിധാനമൊരുക്കാൻ സാധിക്കില്ല. ഇവർക്കായി തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ സംവിധാനമൊരുക്കിയതായി നഗരസഭ വ്യക്തമാക്കിയിരുന്നു. നേരത്തേ ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു നഗരസഭ വീടുകളിൽനിന്ന് ജൈവ, അജൈവ മാലിന്യം ശേഖരിച്ചിരുന്നത്. ഒക്ടോബർ രണ്ട് മുതൽ വീടുകളിൽനിന്ന് അജൈവ മാലിന്യം രണ്ടാഴ്ചയിലൊരിക്കൽ മാത്രമേ നഗരസഭ ശേഖരിക്കൂ. ജൈവ മാലിന്യം ശേഖരിക്കുന്നത് നിർത്തുന്നതോടെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയാനായി മുൻകരുതലുകളും നഗരസഭ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരെ ഉപയോഗിച്ച് സ്ക്വാഡ് രൂപവത്കരിച്ച് കർശന പരിശോധന നടത്തും. പൊലീസും പരിശോധന കർശനമാക്കും. മാലിന്യം തള്ളുന്ന കേന്ദ്രങ്ങളിൽ കാമറ സ്ഥാപിക്കും. പിടിയിലാകുന്നവർക്കെതിരെ ശിക്ഷ ഉറപ്പാക്കാനും ശ്രമിക്കുമെന്ന് അധികൃതർ പറയുന്നു. സി.പി.എം, പാലക്കാട് നഗര വികസന പൗരസമിതി, ഫ്ലാറ്റ് നിവാസികളുടെ സംഘടനയായ കാപ് തുടങ്ങിയ സംഘടനകൾ നഗരസഭയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. പദ്ധതി പരാജയമായാൽ നഗരസഭക്കെതിരെ ശക്തമായ സമരം നടത്താനും ആലോചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.