ഗാന്ധിജിയുടെ സാമീപ്യം മനസ്സില്‍നിന്ന്​ മായാതെ നമ്പീശന്‍

വണ്ടൂര്‍: എന്നും രാവിലെയും വൈകുന്നേരവും സര്‍വ മതസ്ഥരും ചേര്‍ന്ന് നടത്തുന്ന പ്രാര്‍ഥന യോഗങ്ങളില്‍ ഭഗവത് ഗീതയും ഖുര്‍ആനും ബൈബിളും പാരായണം ചെയ്യും. ഗാന്ധിജിക്ക് എല്ലാവരും സമന്മാരാണ്. ആരും കൂലിക്കാരല്ല. അതിനാല്‍ സ്വയം ജോലി ചെയ്യുക. ഗാന്ധിജിക്ക് ഹരിജനങ്ങള്‍ എന്നാല്‍ ഈശ്വരസന്തതികള്‍ ആയിരുന്നു. എന്നാല്‍, ഭരണാധികാരികള്‍ അതുമാറ്റി അവരെ ദലിതരും അതിലൂടെ താഴ്ന്ന വിഭാഗക്കാരുമാക്കി മാറ്റി. പട്ടിണി കിടക്കുന്നവനെ സഹായിക്കുന്നത് കേമത്തരമായി കാണരുത്. സസ്യലതാദികള്‍ വളര്‍ത്തണം. കൃഷി ചെയ്യുക. ഗുജറാത്തിലെ ആശ്രമത്തില്‍ ഗാന്ധിജിക്കൊപ്പം െചലവിട്ട ഏഴു ദിനങ്ങള്‍ ഇന്നും ഓര്‍ക്കുകയാണ് സ്വാതന്ത്ര്യ സമര സേനാനിയായ പാടിക്കാട്ട് നാരായണന്‍ നമ്പീശന്‍ എന്ന പോരൂർ പി.എന്‍. നമ്പീശന്‍. ഭൂദാനം, സര്‍വോദയ സംഘം തുടങ്ങിയവയിലെ പ്രവര്‍ത്തനത്തി​െൻറ ഭാഗമായാണ് നമ്പീശന്‍ ഗുജറാത്തിലെത്തിയത്. അച്ഛനായ നാരായണന്‍ നമ്പീശന്‍ കുട്ടിക്കാലത്ത് നല്‍കിയ ഉപദേശങ്ങളും ചിന്തകളുമാണ് പി.എന്‍. നമ്പീശനെ പൊതുപ്രവര്‍ത്തനത്തിലേക്കും സ്വാതന്ത്ര്യ സമര രംഗത്തേക്കും നവോത്ഥാന പ്രവര്‍ത്തനങ്ങളിലേക്കും എത്തിച്ചത്. ഇന്ത്യക്കാരുടെ കലഹം കൊണ്ടും കഴിവില്ലായ്മ കൊണ്ടും ബ്രിട്ടീഷുകാര്‍ ഭരണം കീഴടക്കിയ സമയത്ത് ഏതൊരു ഇന്ത്യകാരനെയും പോലെ നമ്പീശനും സമര രംഗത്തേക്കിറങ്ങി. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച്. ഗ്രാമങ്ങള്‍, ഉള്‍നാടന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് നാലാള്‍ കൂടുന്ന ഇടങ്ങളില്‍ സ്വാതന്ത്ര്യ സമരത്തി​െൻറ പ്രസക്തിയെക്കുറിച്ച് നാട്ടുകാരില്‍ ബോധമുണ്ടാക്കാന്‍ യോഗം വിളിച്ചുകൂട്ടി. കിഴക്കന്‍ ഏറനാട്, മഞ്ചേരി, പാണ്ടിക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു തുടക്കം. ജനങ്ങളെ ഭയരഹിതരാക്കുക എന്നതായിരുന്നു ലക്ഷ്യം. ദേശീയ പ്രസ്ഥാനവുമായി ബന്ധപെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പോരൂര്‍ പൊറ്റയില്‍ നീലേങ്ങാടന്‍ മമ്മു മൗലവി, ചാത്തങ്ങോട്ടുപുറം മാങ്കാവില്‍ കുട്ടികൃഷ്ണന്‍ നായര്‍, ഇളയോടന്‍ മമ്മു മൊല്ല എന്നിവർ പി.എന്‍. നമ്പീശനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതായിരുന്നു തുടക്കം. പിന്നീട് കേരള നേതാക്കളായ കേളപ്പന്‍, സി.കെ. ഗോവിന്ദന്‍ നായര്‍, കോഴിപ്പുറത്ത് മാധവമേനോന്‍, കെ.പി. കേശവമേനോന്‍, കെ.പി. കുട്ടികൃഷ്ണന്‍ നായര്‍, കെ.എ. ദാമോദരന്‍ നായര്‍, കുട്ടിമാളു അമ്മ എന്നിവര്‍ക്കൊപ്പം സമര പരിപാടികളില്‍ പങ്കെടുത്തു. ദേശീയ നേതാക്കളായ ജവഹര്‍ലാല്‍ നെഹ്റു, വല്ലഭായ് പട്ടേല്‍, വിനോദ് ബാവെ, ഡോക്ടര്‍ രാജേന്ദ്ര പ്രസാദ്, എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തി. ലോക യുദ്ധകാലത്ത് റഷ്യയും ബ്രിട്ടനും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതി​െൻറ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് ആര്‍മിയിലേക്ക് ചേരാനെത്തിയ വിഷ്ണു ഭാരതീയന്‍, പാമ്പന്‍ മാധവന്‍, രാമചന്ദ്രന്‍ നെടുങ്ങാടി എന്നിവര്‍ക്കൊപ്പം നമ്പീശനും സൈനിക ക്യാമ്പില്‍ എത്തി. ഒരുദിവസം ബസറയില്‍ ബ്രിട്ടീഷുകാരുടെ എണ്ണ കമ്പനി കാക്കാന്‍ വലിയ ആൻറി എയര്‍ ക്രാഫ്റ്റ് ഗണ്ണുമായി സൈനിക വാനില്‍ ഏറെദൂരം സഞ്ചരിച്ച് ക്യാമ്പിലെത്തി. ശരിയാം വിധം ഭക്ഷണം പോലും ലഭിക്കാത്തതിനാല്‍ മിലിട്ടറി വാനില്‍നിന്ന് സാധനങ്ങള്‍ ഇറക്കാന്‍ ഞങ്ങള്‍ കൂട്ടാക്കിയില്ല. ഈ സമയത്ത് സൈനികരെ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി ഞങ്ങള്‍ ആറുപേരെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്യുകയും 42 ദിവസം കറാച്ചി ജയിലില്‍ അടക്കുകയും ചെയ്തു. ഇതിനുശേഷമാണ് നാട്ടിലെ സാമൂഹിക മാറ്റങ്ങള്‍ക്ക് വേണ്ടി വീണ്ടും രംഗത്തിറങ്ങിയത്. പിന്നീട് പല സമരത്തിലും പങ്കാളിയായി. രണ്ടാം ലോക യുദ്ധകാലത്ത് ആയുധ നിര്‍മാണത്തിനായി നിലമ്പൂരില്‍നിന്ന് തുടങ്ങുന്ന റെയില്‍വേ പാത പൊളിച്ചുകൊണ്ടു പോകാന്‍ ശ്രമം തുടങ്ങി. ഇതിനെതിരെ മേജര്‍ ചിന്നന്‍ മേനോന്‍, ദേവസ്സി, വി.എം. സി ഭട്ടതിരിപാട് എന്നിവര്‍ക്കൊപ്പം ശബ്ദുമുയര്‍ത്തുകയും പദ്ധതി തടയുകയും ചെയ്തു. തുടര്‍ന്ന് പുല്ലങ്കോട് കേരള എസ്റ്റേറ്റ്, കോട്ടക്കല്‍ ആര്യവൈദ്യശാല, ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ആൻഡ് ടൈല്‍സ് എന്നിവിടങ്ങളിലും യൂനിയന്‍ പ്രവര്‍ത്തനങ്ങളുമായി നമ്പീശന്‍ രംഗത്തിറങ്ങി. മഞ്ചേരിയിലെ ഇന്ത്യന്‍ മോട്ടോഴ്സി​െൻറ തീപ്പെട്ടി കമ്പനിയില്‍ യൂനിയന്‍ രൂപവത്കരിച്ച് തൊഴിലാളി പ്രസ്ഥാനത്തില്‍ കെ. കരുണാകരനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സാമൂഹിക പരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായത് ഇദ്ദേഹത്തി​െൻറ നേതൃത്വത്തിലുള്ള ക്ഷേത്ര നിര്‍മാണമായിരുന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഒന്നായ പോരൂരിലും പരിസര പ്രദേശങ്ങളിലും താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം അന്യമായിരുന്ന സമയത്തായിരുന്നു ക്ഷേത്രം പണിതത്. എല്ലാ മതങ്ങള്‍ക്കും തുല്യസ്ഥാനം നല്‍കുന്ന ശബരിമല അയ്യപ്പ​െൻറ വിഗ്രഹം സ്ഥാപിച്ച് എല്ലാവര്‍ക്കുമായി തുറന്ന് കൊടുക്കുകയും ചെയ്തു. ഏവര്‍ക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് തെയ്യമ്പാടികുത്ത് എല്‍.പി സ്‌കൂള്‍, പള്ളിശ്ശേരി എല്‍.പി സ്‌കൂള്‍, പോരൂര്‍ സ്‌കൂള്‍ എന്നിവയെല്ലാം ഇദ്ദേഹത്തി​െൻറ നേതൃത്വത്തിലാണ് സ്ഥാപിതമായത്. 1980 ഒക്ടോബര്‍ രണ്ടിന് ഗാന്ധി സ്മൃതിയില്‍ നടന്ന പ്രാര്‍ഥന യോഗത്തില്‍ മകൻ ഉണ്ണികൃഷ്ണന്‍ കുഴഞ്ഞുവീണ് മരിച്ചു. ഇത് നമ്പീശന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തി​െൻറ ഓര്‍മക്കായി ഒരു ഖാദി സ്ഥാപനം സ്ഥാപിക്കാന്‍ സർവോദയ സംഘം സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. കുറച്ച് പേര്‍ക്ക് ജോലി ലഭിക്കുമെന്നത് മുന്നില്‍ കണ്ട്് മഹത്തായ സംരംഭത്തിന് പ്രാരംഭ നടപടികള്‍ തുടങ്ങി. പാണ്ടിക്കാട് തെയ്യമ്പാടികുത്ത് എല്‍.പി സ്‌കൂളിന് സമീപം നമ്പീശന്‍ കുടുംബ വകയായുള്ള 20 സ​െൻറ് സ്ഥലം സൗജന്യമായി നല്‍കി കാത്തിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ പലത് കടന്നുപോയെങ്കിലും ഇന്നും ഒരു നടപടികളും ഇവിടെ നടന്നിട്ടില്ല. ഇതിനാല്‍ സ്ഥലം കാടുമൂടി കിടക്കുകയാണ്. ചെറിയ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളി​െൻറ കണ്ണായ ഭാഗത്ത് ഉപയോഗ ശൂന്യമായി കടക്കുന്ന ഭൂമി ഇന്നും തീരാവേദനയായി കിടക്കുന്നു. സംഭവത്തെക്കുറിച്ച് നിരവധി തവണ അധികാരികള്‍ക്ക് മുന്നില്‍ പരാതികള്‍ ഉന്നയിച്ചെങ്കിലും ഫലം കണ്ടില്ല. പൂര്‍വകാല ചരിത്രം ഇങ്ങനെയെല്ലാമാണെങ്കിലും സര്‍ക്കാര്‍ രേഖയില്‍ അന്നും ഇന്നും ഇങ്ങനെ ഒരു സമര സേനാനിയില്ല. അതിനാല്‍ നാട്ടിലെ പുതുതലമുറയില്‍ പെട്ട ആളുകള്‍ക്കൊ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ ഇദ്ദേഹം വെറും പോരൂര്‍ നമ്പീശന്‍ മാത്രം. പോരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് പഞ്ചായത്തിലെ വീട്ടുനികുതി നിര്‍ണയിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാൻ ഏറ്റവും കൂടുതല്‍ നമ്പീശ​െൻറ വീടിനും കെ.ടി. മൂസ കുട്ടി ഹാജിയുടെ വീടിനുമായിരുന്നു. പോരൂരില്‍ ക്ഷേത്രം നിര്‍മിച്ചതോടെ ഭക്ത ജനങ്ങളുടെ തിരക്കുതന്നെയായിരുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് മതില്‍കെട്ടിന് പുറത്തുനിന്ന് മാത്രം തൊഴാന്‍ അനുവാദമുള്ളപ്പോള്‍ പോരൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ പ്രവേശനം അനുവദനീയമായിരുന്നു. സ്വാര്‍ഥതയില്ലാത്ത കറകളഞ്ഞ അയ്യപ്പ ഭക്തന്‍ എന്നുള്ളതിനാല്‍ നാട്ടുകാര്‍ ആദരവോടെ ഗുരുസ്വാമി എന്നുവിളിച്ചു. മണ്ഡല കാലത്ത് വ്രതമെടുത്ത് ഇദ്ദേഹത്തി​െൻറ കൈയില്‍നിന്നും മാലയിടാനും കൂടെ ശബരി മലയിലേക്ക ്പോകാനും ആളുകളുടെ തിരക്ക് തന്നെയായിരുന്നു. മലപ്പുറം ജില്ലയില്‍ അഖണ്ഡനാമ നൃത്ത യജ്ഞത്തിന് ഇന്നു കാണുന്ന രൂപം നല്‍കിയ ആളുകളില്‍ പ്രധാനിയെന്നതിനാല്‍ പോരൂര്‍ അയ്യപ്പ ക്ഷേത്രത്തിലെ അഖണ്ഡനാമത്തിന് ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്താറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.