അഴീക്കല്‍ വാര്‍ഡിലെ വോട്ടര്‍പട്ടിക റദ്ദാക്കിയ സംഭവം; ഉദ്യോഗസ്ഥർക്കുള്ള കനത്ത മുന്നറിയിപ്പെന്ന് യു.ഡി.എഫ്

പൊന്നാനി: അഴീക്കല്‍ വാര്‍ഡിലെ വോട്ടര്‍പട്ടിക റദ്ദാക്കിയ സംഭവം ഉദ്യോഗസ്ഥർക്കുള്ള കനത്ത മുന്നറിയിപ്പെന്ന് യു.ഡി.എഫ് നേതാക്കൾ. പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി. ഭാസ്‌കരന്‍ റദ്ദാക്കിയ സംഭവം അപൂർവങ്ങളിൽ അപൂർവമെന്നും നിഷ്പക്ഷത പാലിക്കേണ്ട ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരായി മാറുന്നതി‍​െൻറ അനന്തരഫലമാണ് വോട്ടർ പട്ടിക റദ്ദാക്കുന്നതിലേക്ക് എത്തിച്ചതെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. വോട്ടര്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലെ നടപടിക്രമങ്ങള്‍ പാലിക്കാതെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഒാഫിസറായ പൊന്നാനി നഗരസഭ സെക്രട്ടറി പട്ടികയില്‍ സമ്മതിദായകരുടെ പേര് ഉൾപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തിൽ കമീഷന്‍ വോട്ടർപട്ടിക റദ്ദ് ചെയ്തിരുന്നു. ഇത് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ചെവികൊള്ളാൻ അദേഹം തയാറായില്ല. തുടർന്നാണ് തങ്ങൾ ഇലക്ഷൻ കമീഷനേയും ഹൈകോടതിയെയും സമീപിച്ചത്. സെക്രട്ടറിയും സൂപ്രണ്ടും ചേർന്ന് ചെയ്തത് ഗുരുതര വീഴ്ചയാണെന്ന് തെരഞ്ഞെടുപ്പ് കമീഷന് ബോധ്യപ്പെടുകയും ചെയ്തു. തങ്ങളുടെ വാദങ്ങൾ ബോധ്യമായതിനാലാണ് കരട് വോട്ടര്‍പട്ടികയിന്മേല്‍ ആക്ഷേപങ്ങളും അവകാശങ്ങളും സമര്‍പ്പിച്ചവര്‍ക്കും ആക്ഷേപം ഉന്നയിക്കപ്പെട്ടവര്‍ക്കും വീണ്ടും നോട്ടീസ് നല്‍കിയും ആവശ്യമായ അന്വേഷണം നടത്തിയും വാദം കേട്ടും പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഡിസംബര്‍ 12ന് പ്രസിദ്ധീകരിക്കാന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കിയത്. വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച് മേല്‍നോട്ടം വഹിക്കാനും നടപടി റിപ്പോര്‍ട്ട് ചെയ്യാനുമായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇത്തരം പ്രവൃത്തികൾ ഉദ്യോഗസ്ഥർ തുടർന്നാൽ ക്രിമിനൽ നടപടി ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങും. കമീഷ‍​െൻറ വിധി യു.ഡി.എഫി‍​െൻറ നിയമ, രാഷ്ട്രീയ പോരാട്ടങ്ങളുടെ വിജയമാണെന്നും നേതാക്കളായ യു. മുനീബ്, പ്രതിപക്ഷ നേതാവ് എം.പി. നിസാർ, കൗൺസിലർ എൻ. ഫസലുറഹ്മാൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.