കെ.​എ​സ്.​യു ജി​ല്ല ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന്

വണ്ടൂർ: കെ.എസ്.യു ജില്ല ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ വ്യാപകമായി കൃത്രിമം നടന്നെന്ന പരാതിയുമായി മുൻ ജില്ല ഭാരവാഹികൾ രംഗത്ത്. നിലവിൽ വിദ്യാർഥികളല്ലാത്ത പലരും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാജ ഐ.ഡി കാർഡ് ഉപയോഗിച്ച് വോട്ടേഴ്‌സ് പട്ടികയിൽ കയറിപ്പറ്റുകയും ഭാരവാഹികളാവുകയും ചെയ്‌തെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കെ.എസ്.യു മുൻ ജില്ല ഭാരവാഹി എം. അജ്മൽ നേതൃത്വത്തിന് പരാതി നൽകി. കഴിഞ്ഞ 23നാണ് കെ.എസ്.യു സംസ്ഥാന, -ജില്ല നേതൃ സ്ഥാനത്തേക്കുള്ള സംഘടന തെരഞ്ഞെടുപ്പ് നടന്നത്. സംഘടന തെരഞ്ഞെടുപ്പിെൻറ മാനദണ്ഡപ്രകാരം യൂനിവേഴ്സിറ്റി അഫിലിയേഷനുള്ള കോളജുകളിലോ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കുന്ന കെ.എസ്.യു സജീവ അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. മലപ്പുറം ഡി.സി.സി ഓഫിസിലായിരുന്നു ജില്ലയിലെ വോട്ടിങ് കേന്ദ്രം. ജില്ലയിൽ അഞ്ഞൂറിലധികം സജീവ അംഗങ്ങൾ ഉണ്ടായിരുന്നതിൽ 388 വോട്ടുകളാണ് പോൾ ചെയ്‌തത്‌. നിലവിൽ കോളജുകളിൽ പഠിക്കാത്തവർ വോട്ടർമാരായും ചിലർ ഭാരവാഹികളായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോഴുള്ള ആരോപണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാജ ഐ.ഡി കാർഡ് നിർമിച്ചാണ് ഇവർ വോട്ടർപട്ടികയിൽ കയറിക്കൂടിയിട്ടുള്ളത്. ജില്ല വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്ത വണ്ടൂർ വാണിയമ്പലം സ്വദേശി വളാഞ്ചേരിയിലെ സഫാ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥിയാണെന്ന് കാണിച്ചാണ് വോട്ടേഴ്‌സ് പട്ടികയിൽ ഇടം നേടിയതും അതുവഴി ഭാരവാഹിയായതും. എന്നാൽ, ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയവർക്ക് ഇങ്ങനെയൊരു വിദ്യാർഥി കോളജിൽ പഠിക്കുന്നില്ലെന്നാണ് സ്ഥാപന മേധാവി രേഖാമൂലം സാക്ഷ്യപ്പെടുത്തി നൽകിയത്. വണ്ടൂർ അംബേദ്‌കർ കോളജിലെ വിദ്യാർഥികളാണെന്ന് കാണിച്ച് വോട്ടർപട്ടികയിൽ ഇടം നേടിയവർ പലരും കോളജിൽ പഠിക്കുന്നവരല്ല. നേതൃസ്ഥാനങ്ങളിലെത്താൻ വളഞ്ഞവഴി സ്വീകരിക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ സംഘടനയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് നിയന്ത്രിച്ച സംസ്ഥാന വരണാധികാരി, എൻ.എസ്.യു അഖിലേന്ത്യ പ്രസിഡൻറ്, കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാൾ, രാഹുൽഗാന്ധി എന്നിവർക്കെല്ലാം പരാതി നൽകിയിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് വണ്ടൂർ നിയോജക മണ്ഡലം ഉപാധ്യക്ഷൻ എം. അജ്മൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.