നിയമ പോരാട്ടങ്ങൾക്ക് പരിസമാപ്തി; സ്പോർട്സ് ലോട്ടറി തുക പഞ്ചായത്ത്​ അക്കൗണ്ടിലെത്തി

പട്ടാമ്പി: നിയമ പോരാട്ടങ്ങൾക്കൊടുവിൽ സ്പോർട്സ് ലോട്ടറി സമ്മാനത്തുക ഓങ്ങല്ലൂർ പഞ്ചായത്തിന് ലഭിച്ചു. കോടതി വിധി അനുകൂലമായിട്ടും ഒരു ജീവനക്കാരൻ എതിർപ്പ് പ്രകടിപ്പിച്ച് കേസിന് പോയപ്പോൾ തുക നൽകാൻ ബാങ്ക് തയാറായിരുന്നില്ല. ഇതിനെതിരെ പഞ്ചായത്ത് ഭരണ സമിതി ബാങ്ക് ശാഖക്ക് മുന്നിൽ സമരം നടത്തി. 2007ലാണ് കേരള സര്‍ക്കാരി​െൻറ സ്‌പോര്‍ട്‌സ് ലോട്ടറി നറുക്കെടുപ്പിൽ രണ്ട് കോടി രൂപയുടെ ഒന്നാം സമ്മാനം ഓങ്ങല്ലൂര്‍ പഞ്ചായത്തിന് ലഭിച്ചത്. വിറ്റഴിച്ച ടിക്കറ്റിൽ ബാക്കി വന്നതിലായിരുന്നു സമ്മാനം. ഇവ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് എടുത്തിരുന്നു. സമ്മാനത്തുക പഞ്ചായത്തി​െൻറ വികസനത്തിന് ഉപയോഗിക്കുമെന്നായിരുന്നു അന്നത്തെ പ്രസിഡൻറ് പി.കെ. ഉണ്ണികൃഷ്ണ​െൻറ പ്രഖ്യാപനം. എന്നാൽ, തുക വീതിച്ച് കിട്ടണമെന്ന ആവശ്യവുമായി ജീവനക്കാരില്‍ ഒരാള്‍ ഹൈകോടതിയെ സമീപിച്ചു. ഇതിന് ചില അംഗങ്ങളുടെ പിന്തുണയുമായിരുന്നതായും പറയപ്പെട്ടിരുന്നു. തുക ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇടാനും പരാതിക്കാരോട് സിവിൽ കോടതിയെ സമീപിക്കാനുമായിരുന്നു ഹൈകോടതി നിർദേശം. തുടർന്ന് ഒറ്റപ്പാലം കോടതി പഞ്ചായത്തി​െൻറ വികസനത്തിന് തുക ഉപയോഗിക്കാന്‍ ഉത്തരവിട്ടു. നേരത്തേ കേസിന് പോയ ജീവനക്കാരന്‍ വീണ്ടും ഹൈകോടതിയെ സമീപിച്ചതോടെ തുക നൽകാൻ ബാങ്ക് തയാറായില്ല. പ്രശ്‍നം പ്രക്ഷോഭത്തിന് വഴിമാറുന്നതിനിടെയാണ് ബാങ്ക് അധികൃതർ പരിഹാരം നിർദേശിച്ചത്. കേസിന് പോയ ഒരാളുടെ ഓഹരി മാറ്റിവെച്ച് 29 ഓഹരികളും പഞ്ചായത്തി​െൻറ അക്കൗണ്ടിലേക്ക് നൽകിയാണ് വിഷയം പരിഹരിച്ചത്. ഇതനുസരിച്ച് 1.77 കോടി രൂപ പഞ്ചായത്തിന് ലഭിച്ചു. തുക വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് ഭരണസമിതി തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.