കുഞ്ഞാവ ചായ കുടിക്കാനെത്തിയില്ല; തോരാകണ്ണീരുമായി ഉമ്മ

പരപ്പനങ്ങാടി: രാവിലെ പത്രവിതരണം കഴിഞ്ഞ് കളിക്കാനിറങ്ങിയ കുഞ്ഞാവ കളിക്കിടെ കൂട്ടുകാരോെടാപ്പം കെട്ടുങ്ങൽ അഴിമുഖത്തേക്ക് കുളിക്കാൻ പോയതായിരുന്നു. തിരിച്ചുവരവില്ലാത്ത യാത്രയാകുമെന്ന് ആരും നിനച്ചില്ല. ചായയൊരുക്കി കാത്തിരിക്കുന്ന ഉമ്മയെ തേടിയെത്തിയത് മകൻ മുങ്ങിമരിച്ചെന്ന നെഞ്ച് തകർക്കുന്ന വാർത്തയായിരുന്നു. നന്നെ ചെറുപ്പത്തിൽ ഉപ്പ മരിച്ചതി​െൻറ അല്ലലറിയിക്കാതെയാണ് ജമീല ഇളയ മകനായ ജാഫർ അലിയെ വളർത്തിയത്. വരയിലും പെയിൻറിങ്ങിലും കഴിവ് തെളിയിച്ച ജാഫർ അലി സ്കൂൾ, മദ്റസ സർഗവേദികളിലെ താരമായിരുന്നു. ചിത്ര രചനയിലെ പാടവത്തോടൊപ്പം ഈണത്തിൽ ഖുർആൻ പാരായണം നടത്തിയും സംഗീത സദസ്സുകളിലും ജാഫർ അലി കഴിവ് തെളിയിച്ചിരുന്നു. മദ്റസത്തുൽ അബ്റാറിലെ മലർവാടി യൂനിറ്റ് ഉപാധ്യക്ഷനുമായിരുന്നു. നൂറുകണക്കിന് പേർ മരണവാർത്തയറിഞ്ഞ് കെട്ടുങ്ങൽ അഴിമുഖത്തെത്തി. തീരക്കടലും പുഴയും അരിച്ചുപെറുക്കി. മൂന്നുമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പരപ്പനങ്ങാടി എസ്.ഐ ഷമീർ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനും എസ്.ടി.യു സംസ്ഥാന സെക്രട്ടറിയുമായ ഉമ്മർ ഒട്ടുമൽ, നഗരസഭ പ്രതിപക്ഷ നേതാവ് ദേവൻ ആലുങ്ങൽ തുടങ്ങിയവർ അഴിമുഖത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.