ആരോഗ്യ സർവകലാശാല കലോത്സവത്തിന് ഉജ്ജ്വല തുടക്കം

കോട്ടക്കൽ: ആയുർവേദനഗരിയിൽ കലയുടെ പൂരവുമായി കേരള ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവത്തിന് തുടക്കം. കോട്ടക്കൽ പി.എസ്.വി ആയുർവേദ കോളജിൽ മൂന്ന് ദിനങ്ങളിലായാണ് മത്സരം. 'ആരവം' എന്ന പേരിലുള്ള കലോത്സവത്തിൽ ആദ്യദിനമായ ശനിയാഴ്ച 25 ഇനങ്ങളിൽ മത്സരം നടന്നു. പെൻസിൽ ഡ്രോയിങ്, ഓയിൽ പെയിൻറിങ്, കഥാരചന, ക്ലേ മോഡലിങ്, കാർട്ടൂൺ, വാട്ടർ കളർ എന്നിവയായിരുന്നു മത്സരങ്ങൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽനിന്നായി 80ഓളം കോളജുകളിലെ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. മെഡിക്കൽ, ആയുർവേദ, ഹോമിയോ, പാരാമെഡിക്കൽ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ച നടന-നാട്യ വിസ്മയങ്ങൾ വേദികളെ ഉണർത്തും. സാവേരി, ആഭേരി, ഭാസുരി എന്നീ മൂന്ന് വേദികളിലായി കുച്ചിപ്പുടി, ഭരതനാട്യം, കേരളനടനം, തിരുവാതിര, ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, മിമിക്രി എന്നിവ നടക്കും. രാവിലെ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. കലോത്സവം പദ്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. സർവകലാശാല ജന. സെക്രട്ടറി എൻ.പി. ശ്രുതി അധ്യക്ഷത വഹിച്ചു. പി. രാജേന്ദ്രൻ, അഷിത പീറ്റർ, പദ്മനാഭൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ഇ. പ്രേമ സ്വാഗതവും പി. ഷബീർ നന്ദിയും പറഞ്ഞു. mpgkottakkal കേരള ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവം വാദ്യകലാകാരൻ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.